Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പൊതുഇടങ്ങളിലും സ്വകാര്യത മാനിക്കണം; പാപ്പരാസി വീഡിയോ ചാനലുകള്‍ക്കെതിരെ ഫാത്തിമ തഹിലിയ എംഎല്‍എ
reporter

കോഴിക്കോട്: പൊതുഇടങ്ങളില്‍ പോലും ഓരോ വ്യക്തിക്കും അവരുടേതായ സ്വകാര്യതയുണ്ടെന്നും അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നും ഫാത്തിമ തഹിലിയ എംഎല്‍എ. മൊബൈല്‍ ഫോണുമായി എത്തി ഒരാളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്ന പാപ്പരാസി വീഡിയോ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകര്‍ത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്ന് ഫാത്തിമ തഹിലിയ ചൂണ്ടിക്കാട്ടി.

സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകള്‍ നല്‍കി പൊലിപ്പിച്ച് കാണിക്കുകയും, അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിക്കുകയും, അതിലൂടെ വരുമാനം നേടുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണെന്നും അവര്‍ കുറിച്ചു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും, അത്തരം പരിപാടികളില്‍ സംഘാടകര്‍ ഔദ്യോഗികമായി ഫോട്ടോയും വീഡിയോയും പകര്‍ത്താറുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ആ സാഹചര്യം ദുരുപയോഗം ചെയ്ത് വ്യക്തിപരമായ നിമിഷങ്ങള്‍ പകര്‍ത്തുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. ഇത്തരം ചാനലുകള്‍ തന്റെ പി.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന തരത്തില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ക്കും യാതൊരു അടിസ്ഥാനവുമില്ലെന്നും ഫാത്തിമ തഹിലിയ വ്യക്തമാക്കി. പാപ്പരാസി രീതിയിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ആവശ്യമായ നിയമനടപടികളിലേക്ക് കടക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window