Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതി വനിതകള്‍ ഉത്സവമായി ഏറ്റെടുത്തു: മന്ത്രി സി.പി. ജോണ്‍
reporter

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കായി നടപ്പിലാക്കിയ 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്തെ വനിതകള്‍ ഉത്സവഛായയോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം സ്ത്രീകള്‍ പൂര്‍ണമായി അനുഭവിക്കട്ടെയെന്നും, സൗജന്യ യാത്ര ആഗ്രഹിക്കാത്തവര്‍ക്ക് നിലവില്‍ പണം നല്‍കി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യാനുള്ള പ്രത്യേക സംവിധാനം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. പണം നല്‍കാന്‍ സ്ത്രീ യാത്രക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചാലും അത് സ്വീകരിക്കാന്‍ കണ്ടക്ടര്‍മാര്‍ക്ക് അധികാരമില്ല. നിയമപരമായും ഭരണപരമായും കാര്യങ്ങള്‍ നാം കരുതുന്നതുപോലെ ലളിതമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സൗജന്യ യാത്രാ ആനുകൂല്യം വേണ്ടെന്ന് കരുതുന്നവര്‍ ഓര്‍ഡിനറി ബസുകള്‍ ഒഴിവാക്കി മറ്റ് സര്‍വീസുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ''കെഎസ്ആര്‍ടിസി ബസില്‍ കയറുമ്പോള്‍ ഒരു സ്ത്രീക്കും താന്‍ പാവപ്പെട്ടവളാണെന്ന് പറയേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുത്. 'ഞാനൊരു സ്ത്രീയാണ്; ആ പരിഗണന തന്നെ ഈ ആനുകൂല്യത്തിന് മതിയാകുന്നു' എന്ന വിപ്ലവകരമായ നിലപാടിലാണ് സര്‍ക്കാര്‍ ഈ പദ്ധതി വിഭാവനം ചെയ്തത്,'' മന്ത്രി പറഞ്ഞു.

പദ്ധതിക്ക് മാധ്യമങ്ങളും പൊതുജനങ്ങളും വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാത്രം ഓര്‍ഡിനറി ബസുകളില്‍ 11.84 ലക്ഷം സ്ത്രീകള്‍ സൗജന്യമായി യാത്ര ചെയ്തതായി അദ്ദേഹം പറഞ്ഞു. ഈ ഇനത്തില്‍ ഒരു ദിവസത്തെ യാത്രാ സബ്സിഡിയായി 2.46 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു. കോര്‍പ്പറേഷന്റെ സാമ്പത്തിക ബാധ്യതകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും, അതിനായി കൃത്യമായ ധനസമാഹരണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലാഭം വര്‍ധിപ്പിക്കുന്നതിനായി ഓര്‍ഡിനറി ബസുകളുടെ എണ്ണം കുറച്ച് അവയെ ഉയര്‍ന്ന നിരക്കുള്ള സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റുന്നുവെന്ന പ്രതിപക്ഷ സംഘടനകളുടെ ആരോപണം മന്ത്രി തള്ളി. തിരുവനന്തപുരം നഗരത്തില്‍ നിലവില്‍ 384 സിറ്റി ഫാസ്റ്റ് ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ ഒരൊറ്റ ഓര്‍ഡിനറി ബസുപോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറിച്ച്, സാധാരണക്കാരായ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് പൊഴിയൂര്‍-അഞ്ചുതെങ്ങ്, പാപ്പനംകോട്‌വികാസ് ഭവന്‍ റൂട്ടുകളില്‍ ഓടിക്കൊണ്ടിരുന്ന സിറ്റി ഫാസ്റ്റ് ബസുകള്‍ ഓര്‍ഡിനറി ബസുകളാക്കി മാറ്റിയതാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് സൗജന്യയാത്ര ബാധകമല്ലാത്ത സിറ്റി ഫാസ്റ്റ് ബസുകള്‍ സാധാരണ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനാണ് അവയില്‍ പ്രത്യേക നിറത്തിലുള്ള സ്റ്റിക്കര്‍ പതിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ബസ് മാറി കയറിയതിന്റെ പേരില്‍ ടിക്കറ്റിനെച്ചൊല്ലി യാത്രക്കാരും ജീവനക്കാരും തമ്മില്‍ തര്‍ക്കം ഉണ്ടാകാതിരിക്കാനും കണ്ടക്ടര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് ഈ മുന്‍കരുതലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് വ്യവസായവുമായി യാതൊരു യുദ്ധപ്രഖ്യാപനത്തിനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയെ കൂടുതല്‍ ജനകീയമാക്കുകയും പൊതുഗതാഗതം സാധാരണക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കുകയും ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സി.പി. ജോണ്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window