തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത് നിലവിലെ യുഡിഎഫ് സര്‍ക്കാരിന്റെ മാത്രം തീരുമാനമാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതിക്കായി കേന്ദ്ര ഫണ്ട് ലഭിച്ചിരുന്നുവെന്നും അതിനാല്‍ പുതിയ സര്‍ക്കാരും പദ്ധതി തുടരണമെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ശിവന്‍കുട്ടി ആരോപിച്ചു. പിഎം ശ്രീയുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് തുക വാങ്ങിയിട്ടില്ലെന്നും, സംസ്ഥാനത്തെ ഏതെല്ലാം സ്‌കൂളുകളെയാണ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരേണ്ടതെന്ന കാര്യത്തില്‍ പോലും മുന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമഗ്ര ശിക്ഷാ കേരളത്തിന് ലഭിച്ച ഫണ്ടിന് പിഎം ശ്രീ പദ്ധതിയുമായി യാതൊരു ബന്ധവുമില്ല. അത് നിയമപരമായി സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതത്തിന്റെ ഭാഗമാണെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
സര്‍ക്കാരുകള്‍ക്ക് തുടര്‍ച്ചയുണ്ടെന്നും അതിനാല്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച കാര്യങ്ങള്‍ നിലവിലെ സര്‍ക്കാര്‍ തുടരേണ്ടതുണ്ടെന്നും പറയുന്ന മുഖ്യമന്ത്രി, മുന്‍ സര്‍ക്കാര്‍ ഈ പദ്ധതി നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു എന്ന വസ്തുത ജനങ്ങളില്‍ നിന്ന് മറയ്ക്കുകയാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് രണ്ട് പ്രധാന ഇളവുകള്‍ തേടുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയും ശിവന്‍കുട്ടി വിമര്‍ശിച്ചു. സ്‌കൂളുകളിലെ പാഠ്യപദ്ധതി സംസ്ഥാനത്തിന് സ്വന്തമായി തയ്യാറാക്കാനാകണം എന്നതും, പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളെ സംസ്ഥാനം തന്നെ തിരഞ്ഞെടുക്കും എന്നതുമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ രണ്ട് കാര്യങ്ങളും നിലവിലുള്ള പിഎം ശ്രീ വ്യവസ്ഥകളില്‍ തന്നെ സാധ്യമാണെന്നാണ് യാഥാര്‍ഥ്യമെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസരംഗത്തെ സംസ്ഥാനാവകാശങ്ങളും പാഠ്യപദ്ധതി സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട വിഷയത്തില്‍ വ്യക്തമായ നിലപാട് വേണമെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വിശദീകരണങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമായിരുന്നുവെന്നും, നിലവിലെ സര്‍ക്കാരാണ് ഇനി തീരുമാനം എടുക്കേണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നീണ്ട ഫേസ്ബുക്ക് കുറിപ്പുകള്‍ക്ക് പകരം വ്യക്തവും ചുരുക്കവുമായ രാഷ്ട്രീയ വിശദീകരണം നല്‍കണമെന്നാണ് ചിലരുടെ അഭിപ്രായം. ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ വാര്‍ത്താസമ്മേളനം പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ കാലഘട്ടത്തില്‍ ദൈര്‍ഘ്യമേറിയ കുറിപ്പുകളേക്കാള്‍ കൃത്യവും ലളിതവുമായ സന്ദേശങ്ങളാണ് ജനങ്ങളിലേക്ക് വേഗത്തില്‍ എത്തുകയെന്ന വിമര്‍ശനവും ഉയര്‍ന്നു. തിരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷവും രാഷ്ട്രീയ ആശയവിനിമയ രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന അഭിപ്രായങ്ങളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു.