Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം ആശങ്കയായി; ഡെങ്കിയും എലിപ്പനിയും ഉയരുന്നു
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനം ആശങ്ക സൃഷ്ടിക്കുന്നു. ഒരാള്‍ കൂടി മരിക്കുകയും 12 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഷിഗെല്ലയ്ക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി കേസുകളും വര്‍ധിക്കുന്നതാണ് ആരോഗ്യരംഗത്തെ ആശങ്ക കൂടുതല്‍ ശക്തമാക്കുന്നത്. മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. തൃശ്ശൂര്‍ അരിമ്പൂരില്‍ വൃദ്ധദമ്പതികള്‍ക്കും കണ്ണൂരില്‍ 62കാരിക്കും രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 17 ദിവസത്തിനിടെ സംസ്ഥാനത്ത് 91 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഈ മാസം മാത്രം ആറ് ഷിഗെല്ല മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി കേസുകളും സംസ്ഥാനത്ത് ഉയരുകയാണ്. പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ മാസം ഇതുവരെ ആയിരത്തിലേറെ പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി കേസുകളും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മലിനമായ ജലം, ശുചിത്വമില്ലാത്ത ഭക്ഷണം, കൈകളുടെ അശ്രദ്ധമായ ശുചീകരണം എന്നിവയാണ് ഷിഗെല്ല ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ പടരാനുള്ള പ്രധാന കാരണങ്ങള്‍. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, രക്തമോ കഫമോ കലര്‍ന്ന മലവിസര്‍ജനം എന്നിവ ലക്ഷണങ്ങളായി കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. കുടിവെള്ള സ്രോതസ്സുകള്‍ ശുചിയായി സൂക്ഷിക്കുകയും തിളപ്പിച്ചാറിച്ച വെള്ളം മാത്രം കുടിക്കുകയും വേണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. രോഗലക്ഷണങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളിലെത്തുന്നത് ഒഴിവാക്കണം. കുട്ടികള്‍ക്ക് പനി, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ സ്‌കൂളില്‍ അയക്കരുതെന്നും ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ആരോഗ്യവകുപ്പിന്റെ നടപടികള്‍ക്കൊപ്പം വ്യക്തിപരമായ ശുചിത്വവും സമൂഹതലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയാല്‍ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയൂവെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window