Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ കസേരത്തര്‍ക്കം; ചുമതലയേല്‍ക്കാനെത്തിയ ഡോ. റീനയ്ക്ക് മുന്നില്‍ മാറാതെ ഡോ. മീനാക്ഷി
reporter

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഡയറക്ടര്‍ പദവിയെച്ചൊല്ലി നാടകീയ രംഗങ്ങള്‍. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡി.എച്ച്.എസ് സ്ഥാനത്ത് ചുമതലയേല്‍ക്കാനെത്തിയ ഡോ. കെ.ജെ. റീനയ്ക്ക് മുന്നില്‍, നിലവില്‍ ചുമതല വഹിക്കുന്ന ഡോ. വി. മീനാക്ഷി കസേര ഒഴിയാന്‍ തയ്യാറാകാതിരുന്നതോടെയാണ് ഓഫീസ് അന്തരീക്ഷം സംഘര്‍ഷഭരിതമായത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ ഉത്തരവോ ഔദ്യോഗിക നിര്‍ദേശമോ ലഭിച്ചിട്ടില്ലെന്നും അതുവരെ ചുമതല വിട്ടുനല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഡോ. മീനാക്ഷിയുടെ നിലപാട്. മറുവശത്ത്, തനിക്ക് അനുകൂലമായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കാനാണ് എത്തിയതെന്ന് ഡോ. റീനയും വ്യക്തമാക്കി. ഇതോടെ ഇരുവരും തമ്മില്‍ കടുത്ത വാഗ്വാദം ഉണ്ടായി.

ജനറല്‍ ആശുപത്രി വളപ്പിലെ ഡി.എച്ച്.എസ് ഓഫീസില്‍ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ പൊതുജനങ്ങളും നോക്കിനില്‍ക്കെയായിരുന്നു അസാധാരണ രംഗങ്ങള്‍. തര്‍ക്കം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി. വിഷയത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള അടിയന്തര ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ പ്രശ്‌നത്തിന് വ്യക്തമായ പരിഹാരം ഉണ്ടാകൂ എന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ച ഡോ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി നേരത്തെ തന്നെ വലിയ വിവാദമായിരുന്നു. പിന്നീട്, സ്ഥലംമാറ്റ ഉത്തരവിനെതിരെ ഡോ. റീന സമീപിച്ച ട്രൈബ്യൂണല്‍ ആരോഗ്യവകുപ്പിന്റെ നടപടി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ആദ്യ ഉത്തരവില്‍ ഉണ്ടായിരുന്ന 15 ദിവസത്തെ അവധി അപേക്ഷിച്ചെന്ന പരാമര്‍ശവും പിന്നീട് ഒഴിവാക്കിയിരുന്നു.

ഇതിനിടെ, വിഷയത്തില്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നടത്തിയ കടുത്ത പ്രതികരണങ്ങളും വിവാദം കൂടുതല്‍ രാഷ്ട്രീയ സ്വഭാവത്തിലേക്ക് മാറ്റി. സര്‍ക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥരെ പ്രധാന പദവികളില്‍ തുടരാന്‍ അനുവദിക്കില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും മേല്‍ക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഡോ. റീനയും ഡോ. മീനാക്ഷിയും തമ്മിലുള്ള കസേരത്തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് വലിയ നാണക്കേടിലായി. പകര്‍ച്ചവ്യാധി ഭീഷണിയും പൊതുജനാരോഗ്യ പ്രതിസന്ധികളും നിലനില്‍ക്കുന്ന സമയത്ത് വകുപ്പിന്റെ തലപ്പത്ത് തന്നെ ഇത്തരമൊരു പരസ്യ അധികാര തര്‍ക്കം ഉണ്ടായത് ഭരണപരമായ വീഴ്ചയായി വിമര്‍ശിക്കപ്പെടുകയാണ്. വിഷയം നിയമപരവും ഭരണപരവുമായ തലങ്ങളില്‍ കൂടുതല്‍ നീളാനാണ് സാധ്യത. ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡോ. റീനയ്ക്ക് ചുമതലയേല്‍ക്കാന്‍ കഴിയുമോ, അതോ സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ച് പുതിയ നീക്കം നടത്തുമോ എന്നതാണ് ഇനി ശ്രദ്ധേയം.

 
Other News in this category

 
 




 
Close Window