Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രിയദര്‍ശിനി പദ്ധതി: 50 ശതമാനം നികുതിയിളവ് ആശ്വാസമല്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍
reporter

പാലക്കാട്: സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. സ്റ്റേജ് കാരിയേജ് ബസുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന സംസ്ഥാന ബജറ്റ് പ്രഖ്യാപനം നിലവിലെ നഷ്ടത്തിന്റെ ഗൗരവത്തിന് അനുപാതമായ ആശ്വാസമല്ലെന്ന് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ എരിക്കുന്നന്‍ പറഞ്ഞു. 46 സീറ്റുകളുള്ള ഒരു സ്വകാര്യ ബസിന് നിലവില്‍ ത്രൈമാസ റോഡ് നികുതിയായി ?24,410 ആണ് അടയ്‌ക്കേണ്ടത്. ഇതില്‍ 50 ശതമാനം ഇളവ് ലഭിച്ചാലും ഒരു ദിവസം ഉടമയ്ക്ക് ലഭിക്കുന്ന ശരാശരി ആശ്വാസം ഏകദേശം ?136 മാത്രമാണെന്ന് ഹംസ വ്യക്തമാക്കി. എന്നാല്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആര്‍ടിസി സൗജന്യ സര്‍വീസുകള്‍ ഓടുന്ന റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പ്രതിദിനം ?1,000 മുതല്‍ ?7,000 വരെ കളക്ഷന്‍ നഷ്ടമുണ്ടാകുന്നുവെന്നാണ് സംഘടനയുടെ വാദം. ''ഇത്തരമൊരു വരുമാന ഇടിവ് നേരിടുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നികുതി ഇളവ് സ്വകാര്യ ബസ് മേഖലയെ യാതൊരു വിധത്തിലും രക്ഷിക്കുന്നതല്ല. ഇത് ആശ്വാസ പാക്കേജായി കണക്കാക്കാനാകില്ല. മറിച്ച് മേഖലയുടെ യഥാര്‍ത്ഥ പ്രതിസന്ധിയെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന നിരാശയാണ് ഉണ്ടാക്കുന്നത്,'' ഹംസ പറഞ്ഞു.

പ്രിയദര്‍ശിനി പദ്ധതി കെഎസ്ആര്‍ടിസി ബസുകളില്‍ മാത്രം ഒതുക്കാതെ സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യവും ഫെഡറേഷന്‍ വീണ്ടും ഉന്നയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എല്ലാ വനിതകള്‍ക്കും സൗജന്യ യാത്രയെന്ന വാഗ്ദാനമാണ് നല്‍കിയതെന്നും, അതിനാല്‍ സംസ്ഥാനത്തെ വലിയൊരു വിഭാഗം യാത്രക്കാരെ വഹിക്കുന്ന സ്വകാര്യ ബസുകളെയും പദ്ധതിയുടെ ഭാഗമാക്കേണ്ടത് അനിവാര്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. പദ്ധതി മൂലമുണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഇന്ധനവില, ജീവനക്കാരുടെ വേതനം, അറ്റകുറ്റപ്പണി ചെലവ്, ഇന്‍ഷുറന്‍സ്, നികുതി എന്നിവ ഉയര്‍ന്ന സാഹചര്യത്തില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് തന്നെ പ്രയാസകരമായിരിക്കുകയാണെന്നും സംഘടന പറയുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി അടുത്ത ആഴ്ച വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്താന്‍ ഫെഡറേഷന്‍ നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ശക്തമായ സമരപരിപാടികള്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികളില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം, കനത്ത നഷ്ടം സഹിക്കാനാകാത്ത സാഹചര്യത്തില്‍ നിരവധി സ്വകാര്യ ബസ് ഉടമകള്‍ സര്‍വീസ് അവസാനിപ്പിക്കാനുള്ള ആലോചനയിലാണ്. പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ പല ഉടമകളും ഈ മാസം അവസാനത്തോടെ ആര്‍ടിഒ ഓഫീസുകളില്‍ ജി-ഫോം സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഹംസ പറഞ്ഞു. അടുത്ത ത്രൈമാസത്തേക്കുള്ള റോഡ് നികുതി അടയ്ക്കാതെ വാഹനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിക്കുന്ന നിലപാടിലേക്കാണ് പലരും നീങ്ങുന്നത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സംസ്ഥാനത്തെ പൊതുഗതാഗത മേഖലയില്‍ വരും ദിവസങ്ങളില്‍ വലിയ പ്രതിസന്ധി രൂപപ്പെടുമെന്ന മുന്നറിയിപ്പും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നല്‍കി.

 
Other News in this category

 
 




 
Close Window