Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8196 INR  1 EURO=110.424 INR
ukmalayalampathram.com
Sat 18th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വൈദ്യുതി ക്ഷാമം രൂക്ഷം; രാത്രികാല പവര്‍കട്ട് ഉടന്‍ പിന്‍വലിക്കാനാകില്ലെന്ന് കെഎസ്ഇബി
reporter

തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായതിനെ തുടര്‍ന്ന് ചൂടും വൈദ്യുതി ഉപഭോഗവും റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ രാത്രികാല പവര്‍കട്ട് അടിയന്തരമായി പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കെഎസ്ഇബി. വൈദ്യുതി ആവശ്യകത ഏറ്റവും ഉയരുന്ന പീക്ക് സമയങ്ങളില്‍ സംസ്ഥാനത്ത് നിലവില്‍ 500 മെഗാവാട്ടിന്റെ ദൗര്‍ലഭ്യം നേരിടുന്നതായി കെഎസ്ഇബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ രണ്ടുവരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ നിലപാട്. അതേസമയം, ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ വൈദ്യുതി തടസ്സമുണ്ടാകില്ലെന്ന് ബോര്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ട്.

പ്രതിഷേധവുമായി പ്രതിപക്ഷവും ഇടതുസംഘടനകളും

അപ്രഖ്യാപിത പവര്‍കട്ടിനെ തുടര്‍ന്ന് പാലക്കാട് ഓക്‌സിജന്‍ ലഭിക്കാതെ രോഗി മരിച്ചെന്ന ആരോപണം ഉള്‍പ്പെടെ ഉയര്‍ന്നതോടെ സംസ്ഥാനത്ത് ജനരോഷം ശക്തമാണ്. വൈദ്യുതി നിയന്ത്രണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ഇടതുപക്ഷ സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളിയാഴ്ച തിരുവനന്തപുരം പട്ടത്തുള്ള കെഎസ്ഇബി ആസ്ഥാനത്തേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റാന്തല്‍വിളക്കുകളുമായി മാര്‍ച്ച് നടത്തി.

ഡാമുകളില്‍ 28 ശതമാനം വെള്ളം മാത്രം

സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ ഡാമുകളില്‍ നിലവില്‍ 28 ശതമാനം സംഭരണം മാത്രമാണുള്ളത്. ഇത് ആകെ 1,175 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ മാത്രമേ മതിയാകൂ എന്നാണ് കെഎസ്ഇബിയുടെ കണക്ക്. ജൂലൈ അഞ്ചിന് 75 ദശലക്ഷം യൂണിറ്റായിരുന്ന സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം കഴിഞ്ഞ വ്യാഴാഴ്ച 91.78 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. അന്ന് 65.45 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയും ആഭ്യന്തര ഉല്‍പാദനം 26.33 ദശലക്ഷം യൂണിറ്റായി ഉയര്‍ത്തുകയും ചെയ്തിട്ടും ദൗര്‍ലഭ്യം പൂര്‍ണമായി പരിഹരിക്കാനായില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമായതിനാല്‍ ദേശീയ ഊര്‍ജവിപണിയിലും വൈദ്യുതിക്ഷാമം രൂക്ഷമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് തിരിച്ചടിയായി

2014ല്‍ ഒപ്പുവച്ച 465 മെഗാവാട്ട് വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. കരാര്‍ നിലവിലുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ പവര്‍കട്ട് ഒഴിവാക്കാമായിരുന്നെന്നാണ് വിലയിരുത്തല്‍. വൈദ്യുതി വാങ്ങുന്നതിനായി രണ്ട് ദീര്‍ഘകാല ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നെങ്കിലും കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ആവശ്യപ്പെട്ടതിനാല്‍ കരാര്‍ അന്തിമമാക്കാനായില്ല. നിലവില്‍ യൂണിറ്റിന് 9.16 രൂപ നിരക്കിലാണ് ബോര്‍ഡ് അടിയന്തരമായി അധിക വൈദ്യുതി വാങ്ങുന്നത്. എന്നാല്‍ തല്‍ക്കാലം വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

മുന്നൊരുക്കങ്ങള്‍ നടത്തിയെന്ന് ബോര്‍ഡ്

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതെന്ന ആരോപണം കെഎസ്ഇബി തള്ളി. ജൂണ്‍ മുതല്‍ ഡിസംബര്‍വരെയുള്ള ആറുമാസത്തേക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ മേയ് ഏഴിനുതന്നെ ആരംഭിച്ചിരുന്നുവെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. ജൂണ്‍ 12ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് എല്‍ നിനോ ജാഗ്രതാനിര്‍ദേശം നല്‍കിയതിനു പിന്നാലെ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു. മേയ് ഏഴിനും ജൂലൈ ഏഴിനുമിടയില്‍ നാല് ടെന്‍ഡറുകള്‍ ക്ഷണിച്ചതായും കെഎസ്ഇബി അറിയിച്ചു. ജൂലൈ മുതല്‍ ഒരുവര്‍ഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ അന്തിമഘട്ടത്തിലാണ്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചാലുടന്‍ കരാര്‍ ഒപ്പിടും. സെപ്റ്റംബര്‍ മുതല്‍ പീക്ക് സമയങ്ങളില്‍ 500 മെഗാവാട്ടും മുഴുവന്‍ സമയത്തേക്ക് 200 മെഗാവാട്ടും ലഭ്യമാക്കുന്നതിനുള്ള മറ്റൊരു ടെന്‍ഡറും പുരോഗമിക്കുകയാണ്. 2027 ജനുവരി ഒന്നുമുതല്‍ 300 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

2,000 മെഗാവാട്ടിന്റെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍

പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങുന്നത് കുറയ്ക്കുന്നതിനായി ആകെ 2,000 മെഗാവാട്ട് ശേഷിയുള്ള നാല് വന്‍കിട പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാന്‍ കെഎസ്ഇബി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. നിലവിലുള്ള ജലവൈദ്യുത പദ്ധതികളോടനുബന്ധിച്ചാണ് ഇവ സ്ഥാപിക്കുക.

കക്കയം - 800 മെഗാവാട്ട്; വിശദ പദ്ധതിരേഖ തയ്യാറാക്കുന്നു

ഇടുക്കി - 700 മെഗാവാട്ട്

പെരിങ്ങല്‍ക്കുത്ത് - 400 മെഗാവാട്ട്

മുതിരപ്പുഴ - 100 മെഗാവാട്ട്

ഇതിനു പുറമേ അപ്പര്‍ ചാലിയാര്‍ (1,500 മെഗാവാട്ട്), ശബരിഗിരി (750 മെഗാവാട്ട്), പൂത്തംപാറ (750 മെഗാവാട്ട്) എന്നിവിടങ്ങളിലെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ സാധ്യതയും കെഎസ്ഇബി പരിശോധിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window