Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഹിറ്റ് ആന്‍ഡ് റണ്‍ കേസുകള്‍ അന്വേഷിക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേക പൊലീസ് സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി
reporter

കൊച്ചി: അപകടമുണ്ടാക്കിയശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങളെയും ഡ്രൈവര്‍മാരെയും കണ്ടെത്താന്‍ എല്ലാ ജില്ലകളിലും പ്രത്യേക പൊലീസ് സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കണം സ്‌ക്വാഡിന്റെ പ്രവര്‍ത്തനമെന്ന് ജസ്റ്റിസ് ജി. ഗിരീഷ് ഉത്തരവിട്ടു. റോഡപകടമുണ്ടാക്കിയ വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും നഷ്ടപരിഹാരവും നിഷേധിക്കപ്പെടുന്ന സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. ഹിറ്റ് ആന്‍ഡ് റണ്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ജില്ലാതല സ്‌ക്വാഡുകള്‍ പരസ്പരം ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണം. ഇത്തരം സംഭവങ്ങള്‍ ഉടന്‍ സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അന്വേഷണത്തിന് സൈബര്‍ പൊലീസിന്റെ സഹായം ഉറപ്പാക്കണം. വിവരങ്ങള്‍ കൈമാറാന്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക സ്‌ക്വാഡുകളുടെ ഫോണ്‍ നമ്പറുകള്‍ ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഹിറ്റ് ആന്‍ഡ് റണ്‍ അപകടങ്ങളിലെ ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹിറ്റ് ആന്‍ഡ് റണ്‍ മോട്ടോര്‍ ആക്സിഡന്റ് സ്‌കീം-2021 പ്രകാരം നിലവില്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുക തീരെ കുറവാണെന്ന് കോടതി നിരീക്ഷിച്ചു. ഓസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയില്‍ പ്രത്യേക ഫണ്ട് രൂപീകരിച്ച് നഷ്ടപരിഹാരം നല്‍കുന്ന സംവിധാനം പരിഗണിക്കണം. പിഴത്തുകയിലോ ഇന്‍ഷുറന്‍സ് പ്രീമിയത്തിലോ ഒരു വിഹിതം മാറ്റിവച്ച് ഇതിനാവശ്യമായ പണം കണ്ടെത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍നടപടികള്‍ക്കായി വിധിപ്പകര്‍പ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവര്‍ക്കും ബന്ധപ്പെട്ട പൊലീസ് അധികാരികള്‍ക്കും അയയ്ക്കാനും നിര്‍ദേശിച്ചു. കൊച്ചി കടവന്ത്രയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോയ സംഭവത്തിന്റെയും നെടുമ്പാശേരിയില്‍ ബാങ്ക് ഉദ്യോഗസ്ഥനെ കാര്‍ ഇടിച്ചുവീഴ്ത്തിയ സംഭവത്തിന്റെയും അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

 
Other News in this category

 
 




 
Close Window