കരുനാഗപ്പള്ളി: കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ യുവാവിനായുള്ള നാവികസേനയുടെ തിരച്ചില്‍ ദൗത്യത്തിന് അടിയന്തര സഹായവുമായി മാതാ അമൃതാനന്ദമയി മഠം. കാണാതായ ഗൗതം കൃഷ്ണയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തുന്ന നാവികസേനാ ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങുന്നതിനായി ഒറ്റരാത്രികൊണ്ട് ഹെലിപാഡ് നിര്‍മ്മിച്ചുനല്‍കുകയായിരുന്നു മഠം. അമൃതപുരിയിലെ അമൃത എന്‍ജിനിയറിങ് കോളജ് ഗ്രൗണ്ടിലാണ് അടിയന്തരമായി ഹെലിപാഡ് സജ്ജീകരിച്ചത്. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെയും കൊല്ലം ജില്ലാ കളക്ടറുടെയും പ്രത്യേക അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മാതാ അമൃതാനന്ദമയിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് മഠം അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി വൈകിയാണ് ഹെലിപാഡ് ഒരുക്കണമെന്ന അഭ്യര്‍ത്ഥന ആശ്രമത്തിന് ലഭിച്ചത്. തുടര്‍ന്ന് സമയം നഷ്ടപ്പെടുത്താതെ മഠത്തിലെയും അമൃത സര്‍വകലാശാലയിലെയും ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
ആവശ്യമായ കെട്ടിട സാമഗ്രികള്‍ പ്രാദേശിക കരാറുകാരില്‍ നിന്ന് അടിയന്തരമായി ശേഖരിച്ചു. മറ്റ് അനുബന്ധ സാമഗ്രികള്‍ സ്ഥലത്തെത്തിക്കുന്നതിനായി ആശ്രമത്തിന്റെ വാഹനങ്ങള്‍ രാത്രി മുഴുവന്‍ സര്‍വീസ് നടത്തി. ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതോടെ ഞായറാഴ്ച രാവിലെ പത്തുമണിയോടെ ഹെലിപാഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി. തുടര്‍ന്ന് ഹെലിപാഡ് നാവികസേനയുടെ ഉപയോഗത്തിനായി കൈമാറി. ഇതോടെ കടലില്‍ തുടരുന്ന തിരച്ചില്‍ ദൗത്യത്തില്‍ ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാന്‍ സാധിച്ചു. കടലില്‍ കാണാതായ ഗൗതം കൃഷ്ണയെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വത്തില്‍ ഊര്‍ജിതമായി തുടരുകയാണ്. കടല്‍മേഖല കേന്ദ്രീകരിച്ച് വിവിധ സംഘങ്ങള്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. അടിയന്തര സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അടിസ്ഥാന സൗകര്യം ഒരുക്കി നല്‍കിയ മഠത്തിന്റെ ഇടപെടല്‍ തിരച്ചില്‍ ദൗത്യത്തിന് നിര്‍ണായക പിന്തുണയായി മാറിയിരിക്കുകയാണ്.