Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഭൂഗര്‍ഭ പാത വേണമെന്ന ആവശ്യം; തിരുവനന്തപുരം മെട്രോ ഡിപിആര്‍ വൈകാന്‍ സാധ്യത
reporter

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡിപിആര്‍) സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നത് വൈകാന്‍ സാധ്യത. നഗരത്തിലെ തിരക്കേറിയ മേഖലകളില്‍ ഭൂഗര്‍ഭ മെട്രോ പാത വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് പദ്ധതിയുടെ അലൈന്‍മെന്റും രൂപകല്‍പ്പനയും വീണ്ടും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുന്നത്. തിരുവനന്തപുരം മെട്രോയുടെ നിര്‍വഹണ ഏജന്‍സിയായ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെഎംആര്‍എല്‍) ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) ഡിപിആര്‍ സമര്‍പ്പിച്ച് രണ്ട് മാസത്തോളമായി. പരിശോധനകള്‍ പൂര്‍ത്തിയാക്കി രേഖ ഉടന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്ന് കെഎംആര്‍എല്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നഗരത്തിലെ തിരക്കേറിയ മേഖലകളില്‍ ഭൂഗര്‍ഭ പാത ഉള്‍പ്പെടുത്തണമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ ആവശ്യപ്പെട്ടതോടെ ഡിപിആര്‍ അന്തിമമാക്കുന്നതിന് മുമ്പ് പുതിയ സാധ്യതാപഠനം നടത്തേണ്ട സാഹചര്യം രൂപപ്പെട്ടു.

അലൈന്‍മെന്റ് മാറ്റം പരിശോധിക്കാന്‍ സാങ്കേതിക സംഘം

നിര്‍ദിഷ്ട അലൈന്‍മെന്റില്‍ മാറ്റം വരുത്താനാകുമോ, ഉയര്‍ന്ന പാതയില്‍നിന്ന് ഭൂഗര്‍ഭ ഇടനാഴിയിലേക്ക് ട്രെയിനുകള്‍ക്ക് എങ്ങനെ പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കും, നിലവിലെ രൂപകല്‍പ്പനയില്‍ എത്രത്തോളം മാറ്റങ്ങള്‍ ആവശ്യമായി വരും തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ കെഎംആര്‍എല്ലിന്റെയും ഡിഎംആര്‍സിയുടെയും സാങ്കേതിക സംഘം തിരുവനന്തപുരത്ത് പരിശോധന നടത്തുന്നുണ്ട്. ഇതോടെ നേരത്തെ നിശ്ചയിച്ച സമയക്രമത്തില്‍ ഡിപിആര്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് സൂചന.

ശശി തരൂര്‍ എംപി നിര്‍ദേശിച്ച ഭൂഗര്‍ഭ ഭാഗങ്ങളുടെ സാധ്യതാ പഠനം നടക്കുന്നതിനാല്‍ ഡിപിആര്‍ അന്തിമമാക്കുന്നതിന് മുമ്പ് ഈ ആവശ്യം പരിശോധിക്കേണ്ടതുണ്ടെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഡിപിആര്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി എപ്പോള്‍ സമര്‍പ്പിക്കാനാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കരമനഉള്ളൂര്‍, കഴക്കൂട്ടംആക്കുളം ഭാഗങ്ങളില്‍ ഭൂഗര്‍ഭ പാത വേണമെന്ന് ആവശ്യം

കരമനഉള്ളൂര്‍, കഴക്കൂട്ടംആക്കുളം എന്നിവ ഉള്‍പ്പെടെ നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലകളില്‍ ഭൂഗര്‍ഭ മെട്രോ നിര്‍മാണം പരിഗണിക്കണമെന്നാണ് ശശി തരൂരിന്റെ ആവശ്യം. ഇത്തരം മേഖലകളില്‍ ഉയര്‍ന്ന പാത നിര്‍മിക്കുന്നതിനേക്കാള്‍ ഭൂഗര്‍ഭ പാത ഗതാഗത തടസ്സം കുറയ്ക്കാനും ഭൂമി ഏറ്റെടുക്കല്‍ പരമാവധി ഒഴിവാക്കാനും നഗരത്തിന്റെ നിലവിലെ സ്വഭാവവും പൈതൃകവും സംരക്ഷിക്കാനും സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഭൂഗര്‍ഭ മെട്രോ നിര്‍മാണത്തിന് ഉയര്‍ന്ന ഇടനാഴിയെ അപേക്ഷിച്ച് വലിയ ചെലവ് വരുമെന്നതാണ് പ്രധാന വെല്ലുവിളി. മണ്ണിന്റെ ഘടന, ഭൂഗര്‍ഭ ജലനിരപ്പ്, എന്‍ജിനീയറിങ് സങ്കീര്‍ണതകള്‍ തുടങ്ങിയവയും വിശദമായി പരിശോധിക്കേണ്ടിവരും.

31 കിലോമീറ്റര്‍ ഒന്നാംഘട്ടം

31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവനന്തപുരം മെട്രോയുടെ ഒന്നാംഘട്ട പദ്ധതിയില്‍ പാപ്പനംകോട്, കരമന, തമ്പാനൂര്‍, പാളയം, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, ശ്രീകാര്യം, ടെക്‌നോപാര്‍ക്ക്, ആക്കുളം, കൊച്ചുവേളി, വിമാനത്താവളം, ഈഞ്ചക്കല്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിഎംആര്‍സി സമര്‍പ്പിച്ച നിലവിലെ ഡിപിആറില്‍ പൂര്‍ണമായും ഉയര്‍ന്ന ഇടനാഴിയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഭൂഗര്‍ഭ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അലൈന്‍മെന്റിലും ചെലവിലും നിര്‍മാണ സമയക്രമത്തിലും കാര്യമായ മാറ്റം വരുത്തേണ്ടിവന്നേക്കും. തിരുവനന്തപുരം മെട്രോ പദ്ധതി നേരത്തെയും പല കാരണങ്ങളാല്‍ വൈകിയിരുന്നു. പിഎം ഗതി ശക്തി നാഷണല്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള അലൈന്‍മെന്റ്, സാങ്കേതിക ആവശ്യകതകള്‍ എന്നിവ പരിഗണിച്ച് ഡിപിആര്‍ പുതുക്കേണ്ടിവന്നിരുന്നു. ഇപ്പോള്‍ ഭൂഗര്‍ഭ പാത സംബന്ധിച്ച പുതിയ സാധ്യതാപഠനം കൂടി പൂര്‍ത്തിയാക്കിയ ശേഷമേ ഡിപിആര്‍ അന്തിമരൂപം പ്രാപിക്കൂ. ഇതോടെ തലസ്ഥാന നഗരത്തിന്റെ ഏറെ പ്രതീക്ഷയുള്ള മെട്രോ പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.

 
Other News in this category

 
 




 
Close Window