Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഡിവൈഎഫ്ഐ തലപ്പത്തേക്ക് ചിന്ത ജെറോം; ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റാകും, സെക്രട്ടറി എം വിജിന്‍
reporter

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ചിന്ത ജെറോം പുതിയ സംസ്ഥാന പ്രസിഡന്റാകും. കല്യാശേരി എംഎല്‍എ എം. വിജിന്‍ സംസ്ഥാന സെക്രട്ടറിയായും ആലപ്പുഴയില്‍ നിന്നുള്ള ആര്‍. രാഹുല്‍ ട്രഷററായും എത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡിവൈഎഫ്ഐ ഫ്രാക്ഷന്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ പാനലിന് രൂപം നല്‍കിയത്. ചിന്ത ജെറോമിന്റെ നിയമനം ഔദ്യോഗികമായാല്‍ ഡിവൈഎഫ്ഐ കേരള ഘടകത്തിന്റെ ചരിത്രത്തിലെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി അവര്‍ മാറും. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ചിന്ത ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലും പ്രവര്‍ത്തിക്കുന്നുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഫ്രാക്ഷന്‍ യോഗത്തില്‍ പുതിയ ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ പേരും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നെങ്കിലും അന്തിമ പാനലില്‍ ഉള്‍പ്പെട്ടില്ല.

38 വയസ് പ്രായപരിധി കര്‍ശനമാക്കി

ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികള്‍ക്ക് 38 വയസ് പ്രായപരിധി കര്‍ശനമാക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. പുതിയ ഭാരവാഹികളുടെ പാനല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. അന്തിമ പ്രഖ്യാപനം സംസ്ഥാന സമ്മേളനത്തിലായിരിക്കും. ഓഗസ്റ്റ് 19 മുതല്‍ 22 വരെ തൃശൂരിലാണ് ഡിവൈഎഫ്ഐയുടെ 16-ാം സംസ്ഥാന സമ്മേളനം. സമ്മേളനത്തിലാണ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെയുള്ള പുതിയ ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കുക.

പുതിയ സംസ്ഥാന സെക്രട്ടറിയാകുന്ന എം. വിജിന്‍ കല്യാശേരി എംഎല്‍എയാണ്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തെത്തിയ വിജിന്‍ നേരത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. നിലവില്‍ വി. വസീഫാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, വി.കെ. സനോജ് സംസ്ഥാന സെക്രട്ടറിയും എസ്.ആര്‍. അരുണ്‍ ബാബു ട്രഷററുമാണ്. 2022ല്‍ പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് വസീഫിനെയും സനോജിനെയും ഉള്‍പ്പെടെയുള്ള നേതൃത്വത്തെ തിരഞ്ഞെടുത്തത്.

ചിന്ത ജെറോമിന്റെ നേതൃത്വത്തിലേക്കുള്ള വരവ് ഔദ്യോഗികമായാല്‍, കേരളത്തിലെ ഡിവൈഎഫ്ഐയുടെ ചരിത്രത്തില്‍ വനിതാ നേതൃത്വത്തിന് പുതിയ അധ്യായമാകും. തൃശൂര്‍ സമ്മേളനത്തോടെ സംഘടനയുടെ സംസ്ഥാന നേതൃത്വത്തില്‍ തലമുറമാറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യവും പ്രകടമാകുമെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window