Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.668 INR  1 EURO=110.8402 INR
ukmalayalampathram.com
Tue 18th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് ചര്‍ച്ച; സതീശനും ചെന്നിത്തലയും ഡല്‍ഹിയിലേക്ക്
reporter

ന്യൂഡല്‍ഹി: പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഈ ആഴ്ച കടക്കും. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയിലെത്തും. ഓഗസ്റ്റ് 19ന് ഇരുനേതാക്കള്‍ക്കു പുറമേ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുമായും ഹൈക്കമാന്‍ഡ് കൂടിയാലോചന നടത്തും. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സംസ്ഥാന മന്ത്രിസഭയില്‍ അംഗമായതോടെയാണ് പാര്‍ട്ടിക്ക് പുതിയ പൂര്‍ണസമയ അധ്യക്ഷനെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും അധ്യക്ഷ സ്ഥാനത്തെക്കുറിച്ച് സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ചര്‍ച്ചകള്‍ക്കായി സണ്ണി ജോസഫിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

സംഘടനാ അഴിച്ചുപണി വൈകുന്നതില്‍ അതൃപ്തി

പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയെങ്കിലും പാര്‍ട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള അഴിച്ചുപണി ഇതുവരെ ആരംഭിക്കാത്തതില്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇടയില്‍ അതൃപ്തി ശക്തമാണ്. പല ജില്ലകളിലും ഡിസിസികളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എംഎല്‍എമാരായി പ്രവര്‍ത്തിക്കുന്ന ഡിസിസി പ്രസിഡന്റുമാരെ മാറ്റി പൂര്‍ണസമയ സംഘടനാ പ്രവര്‍ത്തകരെ ജില്ലാ അധ്യക്ഷസ്ഥാനങ്ങളില്‍ നിയോഗിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിച്ചതിനു പിന്നാലെ ഡിസിസി തലത്തിലടക്കം വ്യാപക പുനഃസംഘടനയിലേക്ക് ഹൈക്കമാന്‍ഡ് നീങ്ങുമെന്നാണ് പ്രതീക്ഷ.

ബോര്‍ഡ്‌കോര്‍പറേഷന്‍ വിഭജനവും നീളുന്നു

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് മാസം പിന്നിട്ടിട്ടും ബോര്‍ഡ്‌കോര്‍പറേഷന്‍ പദവികളുടെ വിഭജനം പൂര്‍ത്തിയാകാത്തതും മുന്നണിക്കുള്ളില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പദവികളുടെ വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നെങ്കിലും പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാത്തതിനാല്‍ നടപടികള്‍ വൈകുകയാണ്. ഭരണപരിഷ്‌കാര കമ്മീഷന്‍ ഉള്‍പ്പെടെയുള്ള കാബിനറ്റ് റാങ്കുള്ള പദവികളിലേക്ക് നേതാക്കളെ തീരുമാനിക്കുന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. അധ്യക്ഷനൊപ്പം സംഘടനയിലും മാറ്റത്തിന് സാധ്യത. പാര്‍ട്ടി അധ്യക്ഷസ്ഥാനം മാത്രം മാറ്റുന്നതിനു പകരം സംസ്ഥാന കോണ്‍ഗ്രസ് സംഘടനയെ സമഗ്രമായി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനം മെച്ചപ്പെടുത്തുകയും താഴെത്തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്യുന്നതിനാണ് ഹൈക്കമാന്‍ഡ് മുന്‍ഗണന നല്‍കുന്നത്. ഓഗസ്റ്റ് 19ലെ ചര്‍ച്ചകള്‍ക്ക് പിന്നാലെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള പേരുകളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ പ്രതീക്ഷ. പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഡിസിസി പുനഃസംഘടനയും ബോര്‍ഡ്‌കോര്‍പറേഷന്‍ നിയമനങ്ങളും വേഗത്തിലാകാനാണ് സാധ്യത.

 
Other News in this category

 
 




 
Close Window