Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്തെ അനധികൃത നിര്‍മാണങ്ങള്‍ നീക്കി ഇന്ത്യ; ഇസ്ലാമാബാദ് നടപടിക്ക് പിന്നാലെ നീക്കം
reporter

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന താല്‍ക്കാലിക നിര്‍മാണങ്ങളും ബാരിയറുകളും ഇന്ത്യന്‍ അധികൃതര്‍ നീക്കം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ വ്യാഴാഴ്ചയാണ് നടപടി പൂര്‍ത്തിയാക്കിയത്. ഹൈക്കമ്മീഷന്റെ വിസ വിഭാഗത്തിന് സമീപം സ്ഥാപിച്ചിരുന്ന ക്യൂ മാനേജ്‌മെന്റ് ബാരിയറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് നീക്കം ചെയ്തത്. ഹൈക്കമ്മീഷന്റെ ഔദ്യോഗികമായി അംഗീകരിച്ച അതിര്‍ത്തിക്ക് പുറത്തുള്ള പൊതുപാതയിലാണ് ഇവ സ്ഥാപിച്ചിരുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. വഴിയാത്രക്കാര്‍ക്കും പൊതുഗതാഗതത്തിനും തടസ്സമുണ്ടാകുന്നുവെന്ന പരാതിയും ഉയര്‍ന്നതോടെയാണ് നടപടി സ്വീകരിച്ചതെന്നാണ് വിവരം.

ഇന്ത്യയുടെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള സമീപകാല നയതന്ത്ര നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് പുറത്ത് സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകളും പാര്‍ക്കിങ് പോസ്റ്റുകളും പാകിസ്ഥാന്‍ അധികൃതര്‍ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്തും സമാന നടപടി ഉണ്ടായത്. അതേസമയം, ഇത് പാകിസ്ഥാന്റെ നടപടിക്കുള്ള നേരിട്ടുള്ള മറുപടിയാണെന്ന് ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. പൊതുസ്ഥലത്തെ അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുന്ന പതിവ് നടപടിക്രമത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളിലെയും ഹൈക്കമ്മീഷനുകളുടെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ചെറിയ നീക്കങ്ങള്‍ പോലും നയതന്ത്ര തലത്തില്‍ വലിയ ശ്രദ്ധ നേടുന്നുണ്ട്. ഇതിനിടെ ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന യുഎസ് അംബാസഡറുടെ പരാമര്‍ശത്തിനെതിരെ പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചതും അടുത്തിടെ വാര്‍ത്തയായിരുന്നു. കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്ന നിലപാട് ആവര്‍ത്തിച്ച പാകിസ്ഥാന്‍, അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

 
Other News in this category

 
 




 
Close Window