Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; 'റോഡുകള്‍ മരണക്കെണി, നിയമവാഴ്ച ഇല്ലാതായി'
reporter

കൊച്ചി: സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും തുടരുന്നതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകള്‍ മരണക്കെണികളായി മാറിയിരിക്കുകയാണെന്നും നിയമവാഴ്ച ഇല്ലാതായ സാഹചര്യമാണ് കാണുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകള്‍ നടത്തിയ അപകടകരമായ മത്സരയോട്ടത്തിന്റെയും അപകടങ്ങളുടെയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ കടുത്ത പരാമര്‍ശങ്ങള്‍. സ്വകാര്യ ബസുകള്‍ക്ക് റോഡില്‍ എന്തും ചെയ്യാമെന്ന മനോഭാവമാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയെയും പൊലീസിനെയും നിയമസംവിധാനത്തെയും ഭയമില്ലാതെ 'മദയാനയെപ്പോലെ' റോഡിലൂടെ പാഞ്ഞ് മനുഷ്യജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യമാണുള്ളതെന്നും കോടതി പറഞ്ഞു. റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ഇതെല്ലാം കാണാതെ അധികൃതര്‍ ഉറങ്ങുകയാണോയെന്നും കോടതി ചോദിച്ചു.

സമയക്രമം പാലിക്കണമെന്ന ന്യായമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ പലപ്പോഴും മുന്നോട്ടുവയ്ക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. മുന്നില്‍ പോയ ബസിനെ മറികടക്കുന്നതിനായി മറ്റൊരു ബസ് നടപ്പാതയിലേക്ക് കയറി അതിവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്യുന്ന ദൃശ്യം ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരക്കാര്‍ക്ക് വാഹനം ഓടിക്കാന്‍ ഇനി അനുമതി നല്‍കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടമാണ് പ്രധാന പ്രശ്‌നമെന്നും 'യുദ്ധസമാനമായ രീതിയിലാണ്' ചില ബസുകള്‍ ഓടുന്നതെന്നും കോടതി വിമര്‍ശിച്ചു. വീഡിയോയില്‍ കാല്‍നടയാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമലംഘനങ്ങള്‍ തടയുന്നതില്‍ സംസ്ഥാനത്തെ ട്രാഫിക് പൊലീസ് ഫലപ്രദമായി ഇടപെടുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. ഹൈക്കോടതിയില്‍ നിന്ന് മുമ്പും ശക്തമായ നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, എല്ലാ സ്വകാര്യ ബസുകളും മോശമാണെന്ന നിലപാട് കോടതിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ അപകടത്തിലാക്കുന്ന രീതിയില്‍ ഒരു വാഹനം മുന്നോട്ടുപോയപ്പോള്‍ പിന്നാലെ വന്ന ബസിലെ ജീവനക്കാര്‍ കുട്ടികളുടെ സഹായത്തിനായി ഓടിയെത്തിയ സംഭവവും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ ബസ് മേഖലയിലും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമുണ്ടെന്നും കോടതി പറഞ്ഞു. അനാവശ്യമായി ഓവര്‍ടേക്ക് ചെയ്യരുതെന്നും വേഗം കുറഞ്ഞ വാഹനങ്ങള്‍ ഇടതുവശത്തെ ലൈനിലൂടെ സഞ്ചരിക്കണമെന്നുമുള്ള ട്രാഫിക് നിര്‍ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും പലരും ഇവ പാലിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമങ്ങള്‍ പ്ലസ് ടു ക്ലാസുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന ബസുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും നടപടി സ്വീകരിച്ചാല്‍ പണിമുടക്കുമെന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കൊച്ചി പള്ളിമുക്കില്‍ സഹോദരന്‍ അയ്യപ്പന്‍ റോഡിന് സമീപത്തെ ട്രാഫിക് സിഗ്‌നല്‍ മരക്കൊമ്പുകള്‍ മറച്ചിരിക്കുന്നതും കോടതി ശ്രദ്ധയില്‍പ്പെടുത്തി. ഇവ എത്രയും വേഗം വെട്ടിമാറ്റി ട്രാഫിക് സിഗ്‌നല്‍ വ്യക്തമായി കാണാവുന്നവിധം ക്രമീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 
Other News in this category

 
 




 
Close Window