Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വൈദ്യുതി വാങ്ങുന്നതില്‍ ഭിന്നത, കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജമാണിക്യത്തെ മാറ്റിയതില്‍ വ്യത്യസ്ത വിശദീകരണങ്ങള്‍
reporter

കൊച്ചി: കേരളത്തിലെ രാത്രികാല വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ ആരില്‍നിന്ന് എത്ര വൈദ്യുതി വാങ്ങണമെന്ന തര്‍ക്കത്തിനിടെയാണ് എം.ജി. രാജമാണിക്യത്തെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഹിമാചല്‍ പ്രദേശില്‍നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങിയതാണ് കാരണമെന്ന് യുഡിഎഫ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം, ടെന്‍ഡറില്ലാതെ സ്വകാര്യ കമ്പനിയില്‍നിന്ന് വൈദ്യുതി വാങ്ങാനുള്ള നിര്‍ദേശത്തെ രാജമാണിക്യം എതിര്‍ത്തതിലാണ് ഭിന്നതയുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്. എന്‍. പ്രശാന്താണ് പുതിയ കെഎസ്ഇബി ചെയര്‍മാന്‍.

വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ രണ്ടുവരെയാണ് കേരളത്തിന് അധിക വൈദ്യുതി കൂടുതലായി വേണ്ടത്. ഈ സമയത്ത് ഹിമാചല്‍ പ്രദേശില്‍നിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനായിരുന്നു ധാരണ. ഒക്ടോബര്‍ ഒന്നിന് വിതരണം തുടങ്ങി. തുടര്‍ചര്‍ച്ചകളില്‍ നിരക്ക് 12.50 രൂപയായി കുറഞ്ഞതായാണ് വിവരം. ഇതിനിടെ മാര്‍ച്ച് വരെ മുഴുവന്‍ സമയവും 500 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 8.63 രൂപയ്ക്ക് നല്‍കാമെന്ന് സ്വകാര്യ കമ്പനി വാഗ്ദാനം ചെയ്തു.

സ്വകാര്യ കമ്പനിയുടെ യൂണിറ്റ് നിരക്ക് കുറവാണെങ്കിലും അധിക വൈദ്യുതി ആവശ്യമില്ലാത്ത പകലും വില നല്‍കേണ്ടിവരുമെന്നാണ് രാജമാണിക്യം സര്‍ക്കാരിന് നല്‍കിയ കുറിപ്പിലെ വാദം. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ഈ രീതിയില്‍ വൈദ്യുതി വാങ്ങിയാല്‍ 1,566 കോടി രൂപ ചെലവാകും. ഹിമാചലില്‍നിന്ന് ആവശ്യമായ സമയത്ത് 800 മുതല്‍ 1,280 വരെ മെഗാവാട്ട് വാങ്ങിയാല്‍, യൂണിറ്റിന് 14.50 രൂപ നിരക്കില്‍പ്പോലും ചെലവ് ഏകദേശം 1,282 കോടി രൂപയായിരിക്കും. നിരക്ക് 12.50 രൂപയാണെങ്കില്‍ 1,105 കോടി രൂപ മതിയാകുമെന്നാണ് കെഎസ്ഇബിയുടെ കണക്ക്.

 
Other News in this category

 
 




 
Close Window