കൊച്ചി: ജിഎന്‍എ എനര്‍ജി വഴി മുഴുവന്‍ സമയവും 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വൈദ്യുതി മേഖലയിലെ വിദഗ്ധര്‍. പകല്‍ സൗരവൈദ്യുതി ലഭിക്കുന്ന കേരളത്തിന് അധിക വൈദ്യുതി പ്രധാനമായും വേണ്ടത് രാവിലെയും വൈകിട്ടുമാണ്. ഈ സമയങ്ങളില്‍ കൂടുതല്‍ വൈദ്യുതി നല്‍കുന്ന ഹിമാചല്‍ പ്രദേശിന്റെ നിര്‍ദേശമാണ് കേരളത്തിന് അനുയോജ്യമെന്ന് കെഎസ്ഇബി സര്‍ക്കാരിന് നല്‍കിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
യൂണിറ്റിന് 8.645 രൂപ നിരക്കില്‍ ജിഎന്‍എ വഴി ദിവസം 1.2 കോടി യൂണിറ്റ് വൈദ്യുതി ലഭിക്കും. ഇതില്‍ 45 ലക്ഷം യൂണിറ്റാണ് ആവശ്യകത കൂടുതലുള്ള സമയങ്ങളില്‍ ലഭിക്കുകയെന്ന് കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹിമാചലിന്റെ നിര്‍ദേശപ്രകാരം ദിവസേന ലഭിക്കുന്ന 88.24 ലക്ഷം യൂണിറ്റില്‍ 71.77 ലക്ഷം യൂണിറ്റും രാവിലെ അഞ്ചു മുതല്‍ എട്ടര വരെയും വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്തര വരെയുമാണ് ലഭിക്കുക. ജിഎന്‍എയുടെ വിതരണ വാഗ്ദാനം 2027 മാര്‍ച്ച് വരെയാണെങ്കില്‍ ഹിമാചല്‍ മേയ് വരെ വൈദ്യുതി നല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഹിമാചലില്‍നിന്ന് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങിയാല്‍ 2,232 കോടി രൂപയുടെ അധികബാധ്യത വരുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണം. കുറഞ്ഞ നിരക്കിനു പുറമേ, ഉപഭോഗം കൂടുന്ന സമയത്തും ജിഎന്‍എ വഴിയാണ് കൂടുതല്‍ വൈദ്യുതി ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജിഎന്‍എ വഴി വാങ്ങിയാലും വൈകുന്നേരത്തെ കുറവ് നികത്താന്‍ തത്സമയ വിപണിയില്‍നിന്ന് വൈദ്യുതി കൂടി വാങ്ങേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.