ന്യൂഡല്‍ഹി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലുള്ള 16 വിദ്യാര്‍ഥികളുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി കേരള ഹൈക്കോടതിയോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ക്യാംപസിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ ഒന്നിനാണ് സര്‍വകലാശാല വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ നീണ്ടുപോകുന്നത് ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ പരീക്ഷാ അപേക്ഷകള്‍ താല്‍ക്കാലികമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഫീസ് അടച്ച് പരീക്ഷയെഴുതാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയെങ്കിലും ആവശ്യമായ ഹാജരില്ലെന്ന സര്‍വകലാശാലയുടെ വാദം പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് ആ ഉത്തരവ് റദ്ദാക്കി.
നവംബര്‍ നാലിന് ആദ്യ പരീക്ഷ നടക്കുന്നതിനാല്‍ അന്നുതന്നെ ഹര്‍ജി പരിഗണിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പിറ്റേന്നത്തേക്ക് മാറ്റിയതോടെ ഏഴ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് അന്നത്തെ പരീക്ഷ എഴുതാനായില്ല. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി തീരുമാനമുണ്ടായാല്‍ പ്രത്യേക പരീക്ഷ നടത്താന്‍ നിര്‍ദേശിക്കാമെന്ന് നവംബര്‍ നാലിലെ വാദത്തിനിടെ സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു.