പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പൊലീസ് പ്രതിചേര്‍ത്തു. സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫെന്നി നൈനാന്‍, നെസ്മല്‍, അബിന്‍ ശിവദാസ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
ജൂലൈ 11ന് രാത്രി യൂട്യൂബര്‍ രാജന്‍ ജോസഫിനെ കസ്റ്റഡിയിലെടുത്ത് അടൂര്‍ സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. സമൂഹമാധ്യമത്തിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന ശ്രീനാദേവിയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. സ്റ്റേഷന്‍ വളപ്പില്‍ ഒരു സംഘം പൊലീസ് ജീപ്പ് തടഞ്ഞ് രാജന്‍ ജോസഫിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പൊലീസ് ശ്രീനാദേവിയെ പ്രതിചേര്‍ത്തത്.
പരാതിക്കാരിയെന്ന നിലയില്‍ രാജന്‍ ജോസഫിനെ തിരിച്ചറിയാനാണ് സ്റ്റേഷനിലെത്തിയതെന്നും സെല്ലിനുള്ളില്‍ കടന്നിട്ടില്ലെന്നും ശ്രീനാദേവി വിശദീകരിച്ചു. രാജനെ ആക്രമിച്ചെന്ന ആരോപണവും അവര്‍ നിഷേധിച്ചു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും കേസിനെ നിയമപരമായി നേരിടുമെന്നും ശ്രീനാദേവി അറിയിച്ചു.