Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കപ്പലിലെ ഇന്ധനചോര്‍ച്ച അടച്ചു, വോയേജ് ഡാറ്റ റിക്കോര്‍ഡര്‍ കണ്ടെത്താനായില്ല
reporter

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മുങ്ങിയ എംഎസ് സി എല്‍സ -3 ( MSC Elsa-3 )യിലെ ഇന്ധന ചോര്‍ച്ച അടയ്ക്കുന്നത് പൂര്‍ത്തിയായി. എന്നാല്‍ കപ്പലില്‍ നിന്ന് വോയേജ് ഡാറ്റ റിക്കോര്‍ഡര്‍ (വിഡിആര്‍) വീണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വോയേജ് ഡാറ്റ റിക്കോര്‍ഡര്‍ കണ്ടെത്തിയാല്‍ മാത്രമേ ദുരന്തത്തിന് ഇടയായ കാരണം മനസിലാക്കാനാവൂ. ഹെവി ഫ്യൂവല്‍ ഓയില്‍ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ കഴിഞ്ഞതോടെ ഇന്ധന ചോര്‍ച്ച പൂര്‍ണമായി അടച്ചു എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മേയ് 25ന് കപ്പല്‍ മുങ്ങിയതിനു ശേഷമുള്ള തുടര്‍ പ്രവര്‍ത്തനങ്ങളില്‍ കപ്പല്‍ കമ്പനിക്കും അവര്‍ നിയോഗിച്ച ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനിക്കും ഗുരുതര വീഴ്ചകള്‍ സംഭവിച്ചുവെന്നും പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥന്‍ കഴിഞ്ഞ ദിവസം ഇരു കമ്പനികള്‍ക്കും മുന്നറിയിപ്പു നല്‍കിയിരുന്നു.

15 ടാങ്കുകളില്‍ നിന്നായി 26 ദിവസം കൊണ്ട് ഇന്ധനം നീക്കുന്നതിനുള്ള പദ്ധതിയാണ് ഇപ്പോള്‍ സാല്‍വേജ് കമ്പനി മുന്നോട്ടു വച്ചിരിക്കുന്നത്. ഹെവി ഫ്യൂവല്‍ ഓയില്‍ ടാങ്ക് 22ന്റെ ചോര്‍ച്ചയ്ക്കു പുറമെ ടാങ്ക് 16ലും 17ലുമുള്ള ചോര്‍ച്ചയും അടച്ചു. ടാങ്ക് 24ന്റെ സൗണ്ടിങ് പൈപ്പ് നഷ്ടപ്പെട്ട പ്രശ്‌നവും പരിഹരിച്ചു. ടാങ്ക് 20, 22, 25, 26, 27 എന്നിവയുടേയും ഇന്‍സിനറേറ്ററിന്റെയും ക്യാപ്പിങ്ങും പൂര്‍ത്തിയായി. ഇന്ധന ചോര്‍ച്ച ഉണ്ടായിരുന്ന ഹെവി ഫ്യൂവല്‍ ഓയില്‍ ടാങ്ക് 22, 23 എന്നിവയുടെയും തകരാര്‍ പരിഹരിച്ചു. ഇന്ധന ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായി കപ്പല്‍ മുങ്ങിയ ഭാഗത്ത് എത്തിയ ഡൈവിങ് സപ്പോര്‍ട്ട് യാനമായ സീമാക് 3 സാച്ചുറേഷന്‍ ഡൈവിങ് ഒരുക്കങ്ങള്‍ക്കായി കൊച്ചിയില്‍ തിരിച്ചെത്തി.

51 മീറ്റര്‍ അടിയില്‍ കിടക്കുന്ന കപ്പലിലെ ടാങ്കില്‍ നിന്ന് ഇന്ധനം നീക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സാച്ചുറേഷന്‍ ഡൈവിങ് ആവശ്യമാണ്. ഇതിനായുള്ള തയാറെടുപ്പുകള്‍ക്ക് മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് കരുതുന്നത്. മെയ് 25നാണ് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ എംഎസ്‌സി എല്‍സ - 3 എന്ന ലൈബീരിയന്‍ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകപ്പല്‍ അറബിക്കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്‌നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്‌നറുകള്‍ സംസ്ഥാനത്തിന്റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു.

 
Other News in this category

 
 




 
Close Window