Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.0489 INR  1 EURO=111.4454 INR
ukmalayalampathram.com
Mon 25th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സംസ്ഥാനത്ത് 21 ക്വാറികള്‍ക്ക് അംഗീകാരം, പമ്പയില്‍ നിന്ന് സന്നിധാനം വരെ റോപ്പ് വേ
reporter

കേരളത്തിലെ വിവിധ വന്യജീവി സങ്കേതങ്ങളുടെയും നിര്‍ദ്ദിഷ്ട ഇക്കോ സെന്‍സിറ്റീവ് സോണുകളുടെയും പുറത്തും എന്നാല്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ളതുമായ വിവിധ സംയോജിത ഉത്പാദന ശൃംഖല, 21 ക്വാറികള്‍ (Quarry ) എന്നിവ അംഗീകരിക്കാന്‍ സംസ്ഥാന വന്യജീവി ബോര്‍ഡ് തീരുമാനിച്ചു. വയനാട് വന്യ ജീവി സങ്കേതത്തിലെ വനാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന അഞ്ച് കമ്മ്യൂണിറ്റി സെന്ററുകളും അഞ്ച് റോഡുകളും ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. പമ്പയില്‍ നിന്നും ശബരിമല സന്നിധാനം വരെ ചരക്ക് നീക്കത്തിനായി റോപ്പ് വേ നിര്‍മ്മിക്കുന്നതിന് ആവശ്യമായ പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ആറളം വന്യജീവി സങ്കേതത്തെ കേരളത്തിലെ ആദ്യത്തെ ചിത്രശലഭ - വന്യജീവി സങ്കേതമാക്കി പുനര്‍നാമകരണം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വന്യജീവി ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്.

വന്യജീവി ട്രോഫികളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നവരുടെ മരണശേഷം അവരുടെ നിയമപരമായ അനന്തരാവകാശികള്‍ക്ക് ഇത്തരം ട്രോഫികള്‍ വിവിധ കാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ സാധിക്കാത്ത കേസുകള്‍ക്ക് ഒരു അവസരം കൂടി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂര്‍ ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായി 5500 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ആറളം വന്യജീവി സങ്കേതം. നിത്യഹരിത വനങ്ങളും, ആര്‍ദ്ര ഇലപൊഴിയും കാടുകളും, ചോലവനങ്ങളും, പുല്‍മേടുകളുമെല്ലാം ചേര്‍ന്ന ജൈവവൈവിദ്ധ്യം കൊണ്ടും സമ്പന്നമാണ് ആറളം വന്യജീവി സങ്കേതം. ആന, കാട്ടു പോത്ത്, വിവിധയിനം മാനുകള്‍, മലയണ്ണാന്‍, വ്യത്യസ്ത ജനുസ്സില്‍ പെട്ട കുരങ്ങുകള്‍, വേഴാമ്പല്‍ എന്നിവയെ ആറളത്തു കാണാം. ചിത്രശലഭങ്ങളുടെ ദേശാടനത്തിനും പേരുകേട്ട സ്ഥലമാണ് ആറളം.

സ്വകാര്യ വ്യക്തിയുടെ കൈവശമുണ്ടായിരുന്ന ഈ ഭൂമി 1971ലാണ് വെസ്റ്റിങ് ആന്‍ഡ് അസൈന്‍മെന്റ് ആക്ട് പ്രകാരം ആറളത്തെ കേരളസര്‍ക്കാര്‍ ഏറ്റെടുത്ത് നിക്ഷിപ്ത വനമാക്കിയത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ആറളത്തിന്റെ പാരിസ്ഥിതികവും ജൈവപരവുമായ പ്രാധാന്യം തിരിച്ചറിഞ്ഞ് 1984-ല്‍ വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഒരു റേഞ്ച് ആയി തുടങ്ങുകയും. 1998-ല്‍ പ്രത്യേക ഡിവിഷന്‍ ആക്കി മാറ്റുകയും ചെയ്തു.

സസ്യസമ്പന്നമായ ആറളം വന്യജീവി സങ്കേതത്തില്‍ 49 ഇനം സസ്തനികളും 53 ഉരഗങ്ങളും ഇരുന്നൂറിലേറെ പക്ഷികളും 249 തരം ചിത്രശലഭങ്ങളും ഉണ്ടെന്ന് കണക്കാക്കുന്നു. ചിത്രശലഭങ്ങളുടെ ദേശാടനം നടക്കുന്ന പ്രമുഖമായ സ്ഥലമാണിത്. പശ്ചിമഘട്ടത്തിലാകെ തിരിച്ചറിഞ്ഞിട്ടുള്ളത് 334 തരം ശലഭങ്ങളെയാണ്. ഇവയില്‍ 249 തരം ചിത്രശലഭങ്ങളെ ആറളം വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെയാണ് ചിത്രശലഭങ്ങളുടെ ദേശാടനകാലം. ഇന്ത്യയില്‍ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഗരുഡശലഭം മുതല്‍ ഏറ്റവും ചെറിയ രത്‌നനീലി വരെയുള്ള വ്യത്യസ്തമായ ശലഭങ്ങളെ ആറളത്ത് കണ്ടെത്തിയിട്ടുണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ആറളത്തെ പ്രധാന സ്ഥാപനമാണ് സെന്‍ട്രല്‍ സ്റ്റേറ്റ് ഫാം. 1971 -ല്‍ ആരംഭിച്ച ഈ സ്ഥാപനം സങ്കര ഇനം നാളികേര വിത്ത് ഉല്‍പാദനത്തിലൂടെ ശ്രദ്ധ നേടി. രാജ്യത്തെ പ്രധാന സങ്കര ഇനം വിത്തുല്‍പ്പാദന കേന്ദ്രമാണ് സെന്‍ട്രല്‍ സ്റ്റേറ്റ് ഫാം.

 
Other News in this category

 
 




 
Close Window