വയനാട്ടിലെ ടൂറിസവുമായി ബന്ധപ്പെട്ട നിര്‍മ്മാണങ്ങളില്‍ പകുതിയോളം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പഠനം കണ്ടെത്തി. വയനാട്ടിലെ സുസ്ഥിര- ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം ജില്ലയിലെ ടൂറിസം മേഖലയിലുടനീളം നിയന്ത്രണ ലംഘനങ്ങളുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനത്തിലെയും വ്യാപ്തി വെളിപ്പെടുത്തി. തദ്ദേശ സ്വയംഭരണ വകുപ്പിലെ ആസൂത്രണ വിഭാഗം നടത്തിയ പഠനത്തില്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ്ഡ് വില്ലകള്‍ എന്നീമേഖലകളില്‍ പകുതിയോളം സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഇവിടെയുള്ള ടൂറിസവുമായി ബന്ധപ്പെട്ട കെട്ടിടങ്ങളില്‍ 56 ശതമാനത്തിന് മാത്രമേ നിര്‍ബന്ധമായും ആവശ്യമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് അനുവദിച്ചിട്ടുള്ളൂ. 16 ശതമാനത്തിന് മാത്രമേ ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉള്ളൂ, 53 ശതമാനം പേര്‍ക്ക് മാത്രമേ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ (പിസിബി) നിന്നുള്ള അനുമതി ലഭിച്ചിട്ടുള്ളൂ- റിസോര്‍ട്ട്, പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം ഉത്തരവാദിത്തമുള്ള രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിന് ഇത് നിര്‍ബന്ധമാണ്.
മണ്ണിടിച്ചിലും വെള്ളപ്പൊക്ക സാധ്യതയും കാരണം വേര്‍തിരിച്ചിരിക്കുന്ന ഉയര്‍ന്ന അപകട മേഖലകളിലോ (HHZ) അല്ലെങ്കില്‍ 500 മീറ്റര്‍ ബഫര്‍ സോണുകള്‍ക്കുള്ളിലോ ഒന്നിലധികം സ്ഥാപനങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട് അല്ലെങ്കില്‍ ഇതിനകം നിലവിലുണ്ട് എന്ന് പഠനത്തില്‍ കണ്ടെത്തി. പരിസ്ഥിതി ലോലവും അപകടകരവുമായ മേഖലകളിലെ വസ്തുവകകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ് കണ്ടെത്തലുകളില്‍ ഏറ്റവും ഗുരുതരമായ ഒന്നാണിത്. വയനാട്ടിലെ മണ്ണിടിച്ചിലും മനുഷ്യ-വന്യജീവി സംഘര്‍ഷവും കാരണം ഈ പ്രദേശങ്ങള്‍ പ്രത്യേകിച്ചും സെന്‍സിറ്റീവ് ആണ്. എന്നാല്‍, അത്തരം പ്രദേശങ്ങളിലെ പല ടെന്റ് സ്റ്റേകളിലും റിസോര്‍ട്ടുകളിലും അടിസ്ഥാനപരമായി വേണ്ടുന്ന വേലിയോ അടിയന്തര സാഹചര്യങ്ങളില്‍ അവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല.
അനധികൃത ടൂറിസ്റ്റ് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. അനധികൃത റിസോര്‍ട്ടുകളുമായും താമസ സൗകര്യങ്ങളുമായും ബന്ധപ്പെട്ട അപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ഈ സ്ഥാപനങ്ങളില്‍ പലതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അറിവില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞു.
ഇത്തരം റിസോര്‍ട്ടുകളില്‍ പലതും റോഡില്‍ നിന്ന് അകലെയുള്ള പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് കാരണം അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും മറ്റും വളരെ പ്രയാസം നിറഞ്ഞതായി മാറുന്നു. ഈ പഠനം ഒരു അടിസ്ഥാന രേഖയാണ്, അനധികൃത നിര്‍മ്മാണങ്ങള്‍ തിരിച്ചറിയുന്നതിനും പരിശോധിക്കുന്നതിനും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും കീഴില്‍ പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് ശുപാര്‍ശ ചെയ്തിരുന്നു,' അദ്ദേഹം പറഞ്ഞു.
'ഈ കെട്ടിട ഉടമകള്‍ പുതുക്കിയ കെട്ടിട പ്ലാനുകള്‍ ഹാജരാക്കാന്‍ നിര്‍ബന്ധിതരാകണം. ലൈസന്‍സ് കൈവശമുള്ളവര്‍ പോലും അനധികൃത വിപുലീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ അനുമതിയില്ലാത്ത വികസനം കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഗണ്യമായ നികുതി വരുമാനവും നഷ്ടപ്പെടുന്നു,' അദ്ദേഹം പറഞ്ഞു. ക്യാമ്പിങ് സൈറ്റുകള്‍, ടെന്റുകള്‍, ട്രീ ഹൗസുകള്‍ എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ഷംഷാദ് മരക്കാര്‍ പറഞ്ഞു . 'ഇപ്പോള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇവയിലൊന്നും ഇടപെടാന്‍ അധികാരമില്ല. സര്‍ക്കാര്‍ ഇടപെട്ട് വ്യക്തമായ നിയന്ത്രണങ്ങള്‍ സ്ഥാപിക്കേണ്ട സമയമാണിത്,' അദ്ദേഹം വിശദീകരിച്ചു. ഏകീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ബിസിനസുകള്‍ക്കുള്ള വിവിധ ലൈസന്‍സുകളും അംഗീകാരങ്ങളും നേടുന്നതിനുള്ള പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വേഗത്തിലുള്ളതും സുതാര്യവുമായ ക്ലിയറന്‍സിനായുള്ള ഏകജാലക സംവിധാനമായ കെ - സ്ഫിറ്റ് (K-SWIFT - Kerala Single Window Interface)ന്റെ ദുരുപയോഗമാണ് വയനാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന നിയമലംഘനങ്ങളുടെ ഒരു കാരണമെന്ന് ടൗണ്‍ പ്ലാനിങ് വകുപ്പ് പറയുന്നു.
പഠനത്തിനായുള്ള ഫീല്‍ഡ് സര്‍വേകള്‍ ആരംഭിച്ചത് 2,764 നിര്‍മ്മാണങ്ങളുടെ പ്രാരംഭ പട്ടികയോടെയാണ്. 89 ദിവസത്തിനുള്ളില്‍, സര്‍വേ സംഘം 2,478 സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു , ഇത് മൊത്തം സ്ഥലങ്ങളുടെ 89% വരും. ഇതില്‍ 1,040 ഇടങ്ങളുടെ വിശദമായ സര്‍വേകള്‍ പൂര്‍ത്തിയാക്കി. ശേഷിക്കുന്ന 1,438 ല്‍ ഡാറ്റ ഡ്യൂപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള നിരവധി തടസ്സങ്ങള്‍ കാരണം സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ കണ്ടെത്തിയ 116 സ്ഥലങ്ങളില്‍ അവയുടെ പേരിനപ്പുറം മറ്റ് വിവരങ്ങളൊന്നുമില്ലായിരുന്നു, ഇത് സ്ഥിരീകരണവും തുടര്‍നടപടികളും അസാധ്യമാക്കി.