ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന ലോക്പാലിന് വേണ്ടി ആഡംബര കാറുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. 70 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു 3 സീരീസ് 330 മോഡലില്‍ പെട്ട ഏഴ് കാറുകള്‍ വാങ്ങുന്നതിനായാണ് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിന് ഏകദേശം അഞ്ച് കോടി രൂപ ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍.
ലോക്പാല്‍ ചെയര്‍പേഴ്സണും ആറ് അംഗങ്ങളും ഉപയോഗിക്കുന്നതിനായാണ് ഈ വാഹനങ്ങള്‍ വാങ്ങുന്നത്. അംഗങ്ങളില്‍ മൂന്ന് പേര്‍ ജുഡീഷ്യല്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. സുപ്രീം കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറാണ് നിലവിലെ ലോക്പാല്‍ ചെയര്‍പേഴ്സണ്‍.
വെള്ളനിറത്തിലുള്ള സ്‌പോര്‍ട് ലോങ് വീല്‍ബേസ് മോഡലുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ വര്‍ഷം ആദ്യമാണ് പുതിയ ബിഎംഡബ്ല്യു 3 സീരീസ് ലോങ് വീല്‍ബേസ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ഓരോ കാറിന്റെയും ഓണ്‍-റോഡ് വില ഏകദേശം 70 ലക്ഷം രൂപയാണെന്നും ടെണ്ടറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാഹനം നല്‍കുന്ന സ്ഥാപനങ്ങള്‍ ലോക്പാലിലെ ഡ്രൈവര്‍മാര്‍ക്ക് സമഗ്രമായ പരിശീലനം നല്‍കണമെന്നും ടെണ്ടര്‍ വ്യവസ്ഥയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2013-ലെ ലോക്പാല്‍, ലോകായുക്ത നിയമപ്രകാരം സ്ഥാപിതമായ സ്ഥാപനമാണ് ലോക്പാല്‍ ഓഫ് ഇന്ത്യ.