Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ മദ്യപസംഘത്തിന്റെ ആക്രമണം; വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു
reporter

തിരുവനന്തപുരം: വെഞ്ഞാറമൂട് എം.എ. എഞ്ചിനീയറിങ് കോളജില്‍ വാര്‍ഷികാഘോഷ പരിപാടിക്കിടെ പുറത്തുനിന്നെത്തിയ മദ്യപസംഘം നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കോളജിലെ വിദ്യാര്‍ഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അല്‍ അമീന്‍ എന്ന 20കാരനാണ് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തില്‍ അല്‍ അമീന്റെ ഇടതു കണ്ണിന്റെ റെറ്റിന തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഞായറാഴ്ച കോളജ് ആനുവല്‍ ഡേ ആഘോഷത്തിനിടെയായിരുന്നു സംഭവം. പരിപാടിക്കിടെ പുറത്തുനിന്നെത്തിയ സംഘം വിദ്യാര്‍ഥികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ആക്രമണം നടത്തുകയുമായിരുന്നു. കൂര്‍ത്ത വള ഉപയോഗിച്ച് അല്‍ അമീന്റെ മുഖത്ത് ഇടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. സംഭവത്തില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചിട്ടും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ശിവജിത്ത്, നിതിന്‍, കാശിനാഥ്, കണ്ടാല്‍ അറിയാവുന്ന നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ക്യാമ്പസിനുള്ളില്‍ പുറത്തുനിന്നെത്തിയ സംഘം വിദ്യാര്‍ഥിയെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവം കോളജ് സുരക്ഷയെക്കുറിച്ചും പൊലീസ് നടപടികളുടെ വേഗതയെക്കുറിച്ചും ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.

 
Other News in this category

 
 




 
Close Window