Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഒന്നര വയസ്സുകാരന്റെ കൊലപാതകം: അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് പൊലീസ്; തെളിവെടുപ്പിനിടെ ജനരോഷം
reporter

തിരുവനന്തപുരം: പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരനായ അര്‍ഷിദിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നു. അഷ്‌കര്‍ കൊടുംക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്നാണ് നാട്ടുകാരുടെ ആരോപണം. ''അഷ്‌കര്‍ സൈലന്റ് കില്ലറാണ്. പുറത്ത് സ്‌നേഹം നടിക്കും, അകത്ത് കൂടി കൊന്നുകളയും,'' എന്നാണ് അര്‍ഷിദിന്റെ അമ്മൂമ്മ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടെ, അഷ്‌കര്‍ തന്റെ മകളോടും ക്രൂരത കാട്ടിയതായി ആദ്യഭാര്യയുടെ അമ്മ ആരോപിച്ചു. അഷ്‌കര്‍ മകളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതിനു ശേഷം പലതവണ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നാണ് അവരുടെ ആരോപണം. മകളുടെ തല ഭിത്തിയിലും ക്ലോസറ്റിലും ഇടിപ്പിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തതായി അവര്‍ പറഞ്ഞു. മര്‍ദനത്തെ തുടര്‍ന്ന് മകള്‍ പലദിവസവും ബോധരഹിതയായി കിടന്നിട്ടുണ്ടെന്നും, ഫാനില്‍ കെട്ടിത്തൂക്കാന്‍ വരെ ശ്രമിച്ചുവെന്നും അവര്‍ ആരോപിച്ചു.

മര്‍ദനത്തെ തുടര്‍ന്ന് മകള്‍ 13 മാസത്തോളം കോമാസദൃശ അവസ്ഥയിലായിരുന്നുവെന്നും ഓപ്പറേഷനുശേഷം രണ്ടര മാസം വെന്റിലേറ്ററിലായിരുന്നുവെന്നും അവര്‍ പറഞ്ഞു. പത്തു മാസം മുന്‍പാണ് ഓര്‍മ്മ തിരിച്ചുകിട്ടിയത്. ഇപ്പോഴും മകള്‍ക്ക് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെന്നും രണ്ട് വര്‍ഷമായി ചികിത്സയില്‍ കഴിയുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പലതവണ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ടെന്നും ആദ്യഭാര്യയുടെ അമ്മ പറഞ്ഞു. കേസിന്റെ ഭാഗമായി നെടുമങ്ങാട് കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാര്‍ക്കിന് സമീപമുള്ള വാടകവീട്ടില്‍ തെളിവെടുപ്പിനായി അഷ്‌കറിനെ കൊണ്ടുവന്നപ്പോള്‍ പ്രദേശത്ത് ശക്തമായ ജനരോഷമുണ്ടായി. പ്രതിയെ ആക്രമിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചതോടെ പൊലീസ് ബുദ്ധിമുട്ടിയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി അഷ്‌കറിനെ സ്റ്റേഷനിലേക്ക് മാറ്റിയത്. അഖിലയ്ക്കും മകനുമൊപ്പമാണ് അഷ്‌കര്‍ വാടകവീട്ടില്‍ താമസിച്ചിരുന്നത്.

അഖിലയുടെ അമ്മയോടൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഒരു മാസം മുന്‍പാണ് അഖില കുഞ്ഞുമായി അഷ്‌കറിനൊപ്പം താമസം തുടങ്ങിയത്. രണ്ട് വര്‍ഷം മുന്‍പ്, അഖില മൂന്നു മാസം ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് എസ്. അഖില്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് അഖില, ഡ്രൈവറായ അഷ്‌കറിനൊപ്പം താമസം തുടങ്ങുകയായിരുന്നു. പിന്നീട് കുട്ടിയെയും ഒപ്പം കൂട്ടി. വെള്ളിയാഴ്ച വൈകിട്ടാണ് അവശനിലയിലായ അര്‍ഷിദിനെ അഷ്‌കര്‍ പനവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എസ്എടി ആശുപത്രിയിലും എത്തിച്ചത്. എന്നാല്‍ എസ്എടി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. വൈകിട്ട് നാലരയോടെ ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്ന കുഞ്ഞ് ചുമയ്ക്കുകയും ഛര്‍ദിക്കുകയും ചെയ്ത് അവശനിലയിലായെന്നാണ് അഷ്‌കര്‍ പൊലീസിന് നല്‍കിയ മൊഴി. ഈ സമയം അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് അഖിലിന്റെ പച്ച കടുവപ്പാറയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഖിലിന്റെ പിതാവ് എസ്. സുനില്‍ കുമാര്‍ ആരോപിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ. ബൈജുകുമാര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window