Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല; അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
reporter

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവനും കെ.വി. ജയകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട് തീരുമാനമെടുക്കാമെന്നും അതുവരെ ഇഡിക്ക് നിലവിലെ അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. അടിസ്ഥാനമായ എഫ്ഐആറോ കുറ്റകൃത്യമോ ഇല്ലാതെയാണ് ഇഡി സമന്‍സ് അയക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതെന്നായിരുന്നു സിഎംആര്‍എല്ലിന്റെ പ്രധാന വാദം. അധികാരപരിധി മറികടന്നാണ് ഇഡി അന്വേഷണം നടത്തുന്നതെന്നും സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര കോടതിയില്‍ വാദിച്ചു.

കേസിന്റെ വാദം നീണ്ടുപോകരുതെന്നും ഇന്ന് തന്നെ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി ഇരു കക്ഷികളെയും അറിയിച്ചു. ഇതിന് ഇരുപക്ഷവും സമ്മതിച്ചു. ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് ഹാജരായത്. കേസിന്റെ അന്തിമവാദം പൂര്‍ത്തിയാകുന്നതുവരെ അന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം കോടതി നിരസിച്ചു. അന്വേഷണ നടപടികള്‍ തുടരുന്നതിന് ഇഡിക്ക് തടസ്സമില്ലെന്ന നിലപാടാണ് ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ചത്.

നേരത്തെ സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇഡി സമന്‍സ് അയയ്ക്കാന്‍ ഔപചാരിക എഫ്ഐആര്‍ നിര്‍ബന്ധമല്ലെന്ന നിലപാടും കോടതി എടുത്തിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് സിഎംആര്‍എല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. വളരെ വിപുലമായ അന്വേഷണമാണ് ആവശ്യമായിരിക്കുന്നതെന്നും, സേവനം നല്‍കാതെയാണ് എക്സാലോജിക് സൊല്യൂഷന്‍സിന് പണം കൈമാറിയതെന്ന ആരോപണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. സിഎംആര്‍എല്ലില്‍നിന്ന് ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സിന് കോടിക്കണക്കിന് രൂപ ലഭിച്ചെന്ന ആരോപണമാണ് കേസിന്റെ അടിസ്ഥാനം.

 
Other News in this category

 
 




 
Close Window