Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുനിയമന ആരോപണം; ബെന്നി തോമസിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍
reporter

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തെച്ചൊല്ലി ബന്ധുനിയമന ആരോപണം ശക്തമാകുന്നു. മന്ത്രിയുടെ സഹോദരീഭര്‍ത്താവായ ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദമായത്. ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായ ബെന്നി തോമസിന്റെ നിയമനത്തെ ചിലര്‍ ചോദ്യം ചെയ്യുമ്പോള്‍, രാഷ്ട്രീയ പരിചയവും സംഘടനാ പ്രവര്‍ത്തന പാരമ്പര്യവും പരിഗണിച്ചുള്ള നിയമനമാണെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. പാര്‍ട്ടി ഭാരവാഹികളായ നിരവധിപ്പേരുടെ അപേക്ഷകള്‍ തള്ളിയാണ് ബന്ധുവിന് പദവി നല്‍കിയതെന്ന ആക്ഷേപമാണ് ഉയരുന്നത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് രാഷ്ട്രീയ നിയമനങ്ങള്‍ സാധാരണ രീതിയാണെങ്കിലും, സ്വന്തം ബന്ധുക്കള്‍ക്ക് പദവി നല്‍കുന്നത് രാഷ്ട്രീയമായി വൈരുദ്ധ്യമാണെന്നാണ് വിമര്‍ശനം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമന വിവാദങ്ങള്‍ക്കെതിരെ യുഡിഎഫ് സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തിയിരുന്നുവെന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ബെന്നി തോമസ് വെറും ബന്ധു മാത്രമല്ലെന്നും കണ്ണൂരിലെ മലയോര മേഖലയില്‍ ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള കോണ്‍ഗ്രസ് നേതാവാണെന്നും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ്, സേവാദള്‍ ചെയര്‍മാന്‍, ഡിസിസി ജനറല്‍ സെക്രട്ടറി, ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചയാളാണ് ബെന്നി തോമസെന്നാണ് പിന്തുണക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ബെന്നി തോമസിന് പിന്തുണയുമായി ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുള്‍ റഷീദും രംഗത്തെത്തി. കണ്ണൂരിലെ ഏറ്റവും കരുത്തനായ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ബെന്നി തോമസെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ''മന്ത്രി സണ്ണി ജോസഫിന്റെ അളിയന്‍'' എന്ന ലേബലില്‍ മാത്രം അദ്ദേഹത്തെ അവതരിപ്പിക്കുന്നത് ശരിയല്ലെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും സംഘടനാപരമായ സംഭാവനകളും പരിഗണിക്കണമെന്നും റഷീദ് ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹ്സിന്‍ കാതിയോടും ബെന്നി തോമസിനെ പിന്തുണച്ച് കുറിപ്പ് പങ്കുവെച്ചു. ഉളിക്കല്‍ ഉള്‍പ്പെടുന്ന മലയോര മേഖലയില്‍ വര്‍ഷങ്ങളായി അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് ബെന്നി തോമസെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയ വ്യക്തിത്വം ബന്ധുത്വത്തിന്റെ പേരില്‍ റദ്ദാക്കപ്പെടേണ്ടതല്ലെന്നും മുഹ്സിന്‍ വ്യക്തമാക്കി. പ്രശസ്ത എഴുത്തുകാരന്‍ വിനോയ് തോമസിന്റെ പുറ്റ് എന്ന നോവലിലെ ജെറമിയാസ് എന്ന കഥാപാത്രത്തിന് പ്രചോദനമായത് ബെന്നി തോമസാണെന്ന വാദവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. പേരാവൂരിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്ത നേതാവിനെ ബന്ധു എന്ന പേരില്‍ മാത്രം വിലയിരുത്തുന്നത് അപമാനകരമാണെന്നും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ പറയുന്നു. നിയമനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം കോണ്‍ഗ്രസിനുള്ളിലും പുറത്തും ചര്‍ച്ചയായിരിക്കെ, ഇത് ബന്ധുനിയമനമാണോ അതോ രാഷ്ട്രീയ പരിചയസമ്പന്നനായ ഒരാളുടെ നിയമനമാണോ എന്നതാണ് പ്രധാന വാദപ്രതിവാദമായി മാറിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window