Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബിജെപി വിടുമെന്ന അഭ്യൂഹം ശക്തം; അമിത് ഷായെ കാണാന്‍ അണ്ണാമലൈ ഡല്‍ഹിയില്‍
reporter

ന്യൂഡല്‍ഹി: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി മുന്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടി വിടാനൊരുങ്ങുന്നതായി സൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായി അണ്ണാമലൈ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്കും അദ്ദേഹം സമയം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട് അണ്ണാമലൈയുടെയോ ബിജെപിയുടെയോ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല.

തമിഴ്‌നാട്ടില്‍ സ്വതന്ത്രമായ ഒരു പുതിയ രാഷ്ട്രീയ വേദി രൂപീകരിക്കാനാണ് അണ്ണാമലൈയുടെ നീക്കമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ പാര്‍ട്ടി ആറുമുതല്‍ എട്ടുമാസത്തിനുള്ളില്‍ രൂപീകരിക്കാനാണ് ആലോചനയെന്നും, പ്രാദേശിക അടിത്തറയുള്ളതും ദേശീയ കാഴ്ചപ്പാടോടുകൂടിയതുമായ രാഷ്ട്രീയ പ്ലാറ്റ്‌ഫോമായിരിക്കും ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിജെപിയില്‍ നിന്ന് സൗഹാര്‍ദ്ദപരമായി വേര്‍പിരിയാനാണ് അണ്ണാമലൈ ആഗ്രഹിക്കുന്നതെന്നാണ് സൂചന. തമിഴ്‌നാട്ടിലെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍, സഖ്യരാഷ്ട്രീയം, സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങിയ വിഷയങ്ങളില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് അദ്ദേഹത്തെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അണ്ണാമലൈ പാര്‍ട്ടി നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ചതായും, അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമേ അന്തിമ ചിത്രം വ്യക്തമാകൂവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ തലത്തിലുള്ള ചുമതലകള്‍ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ബിജെപി നേതൃത്വം മുന്നോട്ടുവെച്ചെങ്കിലും അണ്ണാമലൈ അതില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ഉള്‍പ്പെടെ നിലവിലുള്ള മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാതെ സ്വതന്ത്രമായ രാഷ്ട്രീയ പാത സ്വീകരിക്കാനാണ് അദ്ദേഹത്തിന്റെ ആലോചനയെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. തമിഴ്‌നാട്ടില്‍ ബിജെപിയുടെ പ്രധാന മുഖമായി അദ്ദേഹം വേഗത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്തകാലത്തെ രാഷ്ട്രീയ തിരിച്ചടികളും ആഭ്യന്തര അഭിപ്രായഭിന്നതകളും അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം വര്‍ധിപ്പിച്ചു. അണ്ണാമലൈയുടെ അടുത്ത നീക്കം തമിഴ്‌നാട്ടിലെ ബിജെപിക്കും സംസ്ഥാന രാഷ്ട്രീയത്തിനും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. പുതിയ പാര്‍ട്ടി രൂപീകരണം യാഥാര്‍ത്ഥ്യമായാല്‍, ദ്രാവിഡ രാഷ്ട്രീയ ആധിപത്യമുള്ള തമിഴ്‌നാട്ടില്‍ മറ്റൊരു ദേശീയവാദ-പ്രാദേശിക രാഷ്ട്രീയ പരീക്ഷണത്തിന് വേദിയൊരുങ്ങും.

 
Other News in this category

 
 




 
Close Window