ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏകദേശം 12 ബില്യണ്‍ യുഎസ് ഡോളറിന്റെ സ്വര്‍ണം വിറ്റഴിച്ചുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വ്യാജമാണെന്നും പിഐബി ഫാക്ട് ചെക്ക് എക്സിലൂടെ വ്യക്തമാക്കി. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പ്രചരിച്ച വാര്‍ത്തയ്ക്ക് ആര്‍ബിഐയുടെ ഔദ്യോഗിക കണക്കുകളുമായി യാതൊരു ബന്ധവുമില്ലെന്ന് പിഐബി ഫാക്ട് ചെക്ക് അറിയിച്ചു. സമീപ മാസങ്ങളിലായി ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ പങ്ക് വര്‍ധിച്ചുവരികയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ മൊത്തം കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അനുപാതം 2025 സെപ്റ്റംബര്‍ അവസാന വാരത്തിലെ 13.92 ശതമാനത്തില്‍ നിന്ന് 2026 മാര്‍ച്ച് 31ഓടെ 16.70 ശതമാനമായി ഉയര്‍ന്നു. 2026 മേയ് 22 ആയപ്പോഴേക്കും ഇത് 16.85 ശതമാനമായി വര്‍ധിച്ചതായും പിഐബി വിശദീകരിച്ചു.
2026 മേയ് 22ലെ കണക്കനുസരിച്ച് ഇന്ത്യയുടെ സ്വര്‍ണശേഖരം 880.52 മെട്രിക് ടണ്‍ ആണെന്നും മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ഇതില്‍ മാറ്റമുണ്ടായിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 81.82 ബില്യണ്‍ ഡോളറായിരുന്ന സ്വര്‍ണശേഖരത്തിന്റെ മൂല്യം 2026 ഏപ്രില്‍ 24 ആയപ്പോഴേക്കും 120.24 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണവിലയിലെ വര്‍ധനവും കരുതല്‍ ശേഖരത്തിന്റെ മൂല്യവര്‍ധനയും ഇതിന് കാരണമായെന്നാണ് വിശദീകരണം.
ഇന്ത്യയുടെ സ്വര്‍ണശേഖരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ബിഐയുടെ പ്രതിമാസ ബുള്ളറ്റിനുകളിലൂടെയും മറ്റ് ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൂടെയും പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് പിഐബി ഫാക്ട് ചെക്ക് അറിയിച്ചു. വിദേശനാണ്യ ശേഖരവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ക്ക് മാധ്യമങ്ങളും പൗരന്മാരും ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലെ സ്ഥിരീകരിച്ച കണക്കുകള്‍ മാത്രം ആശ്രയിക്കണമെന്നും കേന്ദ്രം അഭ്യര്‍ഥിച്ചു. ആര്‍ബിഐയുടെ കണക്കനുസരിച്ച്, 2026 ഏപ്രില്‍ 24 വരെയുള്ള ഇന്ത്യയുടെ ആകെ വിദേശനാണ്യ ശേഖരം 698.49 ബില്യണ്‍ യുഎസ് ഡോളറാണ്. ഇതില്‍ വിദേശ കറന്‍സി ആസ്തികള്‍ 554.62 ബില്യണ്‍ ഡോളറും, സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് 18.77 ബില്യണ്‍ ഡോളറും, അന്താരാഷ്ട്ര നാണയ നിധിയിലെ റിസര്‍വ് ട്രാഞ്ച് പൊസിഷന്‍ 4.86 ബില്യണ്‍ ഡോളറുമാണ്.