മലപ്പുറം: താനും ഭാര്യയും ഇനി സിപിഎമ്മിന്റെ ഭാഗമാണെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ജലീല്‍ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. രണ്ടു പതിറ്റാണ്ടോളം ഇടതുപക്ഷ സഹയാത്രികനായി പ്രവര്‍ത്തിച്ച ശേഷം, ഔദ്യോഗികമായി സിപിഎം അംഗമാകാനുള്ള തീരുമാനം രാഷ്ട്രീയമായി ശ്രദ്ധേയമായിരിക്കുകയാണ്. നേരത്തെ ജലീല്‍ സിപിഎം അംഗത്വമെടുക്കാന്‍ ഒരുങ്ങുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2006ല്‍ ആരംഭിച്ച സിപിഎമ്മുമായുള്ള ബന്ധം തന്റെ പൊതുജീവിതത്തിലെ വലിയ താങ്ങും തണലുമായിരുന്നുവെന്ന് ജലീല്‍ കുറിപ്പില്‍ പറയുന്നു. മലപ്പുറം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി നാലു തവണ എംഎല്‍എയാക്കുകയും അഞ്ചുവര്‍ഷം മന്ത്രിയാക്കുകയും ചെയ്ത പാര്‍ട്ടിയോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് ശേഷം സിപിഎം ശക്തമായ വിമര്‍ശനങ്ങളും രാഷ്ട്രീയ ആക്രമണങ്ങളും നേരിടുന്ന സാഹചര്യത്തിലാണ് താനും സഹധര്‍മ്മിണിയും പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് ജലീല്‍ പറയുന്നു. ഇടതുപക്ഷ ചേരി ദുര്‍ബലമായാല്‍ അതിന്റെ നഷ്ടം ഏറ്റവും കൂടുതല്‍ ബാധിക്കുക ദുര്‍ബല ജനവിഭാഗങ്ങളെയും മതന്യൂനപക്ഷങ്ങളെയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതവിശ്വാസമുള്ളവര്‍ക്ക് സിപിഎമ്മില്‍ അംഗമാകാന്‍ കഴിയില്ലെന്ന പ്രചാരണം അപകടകരമാണെന്നും ജലീല്‍ കുറിപ്പില്‍ വിമര്‍ശിക്കുന്നു. നല്ല വിശ്വാസിയും നല്ല കമ്മ്യൂണിസ്റ്റുകാരനും ഒരാള്‍ക്ക് ഒരേസമയം ആയിരിക്കാനാകുമെന്ന് തെളിയിച്ച നിരവധി ജീവിതങ്ങള്‍ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തില്‍ പകര്‍ത്താതെ, അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ വഞ്ചിക്കുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പും തങ്ങളുടെ പാര്‍ട്ടി പ്രവേശനത്തിന് പിന്നിലുണ്ടെന്ന് ജലീല്‍ വ്യക്തമാക്കി. ''പ്രസ്ഥാനത്തിന്റെ സമൃദ്ധകാലത്ത് ഏത് പാര്‍ട്ടിയിലും ചേരാന്‍ ഒരുപാട് പേര്‍ കാണും. എന്നാല്‍ പാര്‍ട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍, പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന ലക്ഷക്കണക്കിന് സഖാക്കള്‍ക്കൊപ്പം നില്‍ക്കാതെ മാറിനില്‍ക്കുന്നത് സമൂഹത്തോട് ചെയ്യുന്ന അപരാധമായിരിക്കും,'' ജലീല്‍ കുറിപ്പില്‍ പറഞ്ഞു. കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും സാധാരണക്കാരും വിദ്യാര്‍ത്ഥികളും യുവാക്കളും പ്രവാസികളും ഉള്‍പ്പെടുന്ന ജനകീയ കൂട്ടായ്മയില്‍ അണിചേരുക മനുഷ്യസ്‌നേഹികളുടെ ജീവിതധര്‍മ്മമാണെന്നും, ആ ദൗത്യം സിപിഎം അംഗത്വത്തിലൂടെ സഫലമാകുന്നതാണെന്നും ജലീല്‍ വ്യക്തമാക്കി.