Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഡല്‍ഹി ഹോട്ടല്‍ തീപിടിത്തം: പൂട്ടിയ വാഷ്റൂമില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
reporter

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 'ഫ്ലറിഷ് സ്റ്റേ ബിഎന്‍ബി' ഹോട്ടലില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ പൂട്ടിയിട്ട വാഷ്റൂമില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയുണ്ടായ ദുരന്തത്തില്‍ 12 വിദേശികള്‍ ഉള്‍പ്പെടെ 21 പേരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുമെന്ന പ്രതീക്ഷയില്‍ വാഷ്റൂമില്‍ കയറി വാതില്‍ അടച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്ത്രീ ടോയ്‌ലറ്റ് സീറ്റില്‍ ഇരിക്കുന്ന നിലയിലും പുരുഷന്‍ അരികിലെ കസേരയില്‍ ഇരുന്ന് അവളെ ചേര്‍ത്തുപിടിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മുഹമ്മദ് ഷുഹൈബ് പറഞ്ഞു. ''അവര്‍ തീയില്‍ പൊള്ളിയല്ല മരിച്ചത്. പുക ശ്വസിച്ചതാണ് മരണകാരണം. താഴത്തെ നിലയില്‍ ഉള്ളില്‍ നിന്ന് പൂട്ടിയ വാഷ്റൂം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാതില്‍ തല്ലിപ്പൊളിച്ച് അകത്ത് കയറുകയായിരുന്നു. അപ്പോള്‍ പരസ്പരം ചേര്‍ന്നു കിടക്കുന്ന നിലയില്‍ ദമ്പതികളെ കണ്ടു. അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു,'' എന്ന് ഷുഹൈബ് പറഞ്ഞു.

തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാം അപകടത്തിന് കാരണമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പൊലീസ് ഈ വിവരം വ്യക്തമാക്കിയത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമ ലോകേഷ് ബജാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഹോട്ടല്‍ താനല്ല നടത്തുന്നതെന്നും മറ്റൊരാളെയാണ് ദൈനംദിന നടത്തിപ്പിനായി ഏല്‍പ്പിച്ചിരുന്നതെന്നും ഇയാള്‍ പൊലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. ഹോട്ടലിന് ഫയര്‍ എന്‍ഒസി ഇല്ലായിരുന്നുവെന്നും ലോകേഷ് സമ്മതിച്ചതായി വിവരം. ആറ് മുറികള്‍ക്കാണ് ഹോട്ടലിന് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ 25 മുറികള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം. ഡല്‍ഹി സര്‍ക്കാരിന്റെ ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് നയത്തിന് കീഴിലാണ് ഇവിടെ താമസസൗകര്യത്തിന് അനുമതി നല്‍കിയിരുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ വീഴ്ചകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window