Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മന്ത്രിസഭയില്‍ അഞ്ച് മുസ്ലിം പ്രതിനിധികള്‍ വേണം; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കര്‍ണാടകയിലെ മതനേതാക്കള്‍
reporter

ഹുബ്ബള്ളി: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുസ്ലിം വോട്ടര്‍മാരുടെ പിന്തുണയോടെയാണെന്നും അതിനാല്‍ സംസ്ഥാന മന്ത്രിസഭയില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് അഞ്ച് പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം മതനേതാക്കളും പണ്ഡിതന്മാരും രംഗത്ത്. ഹുബ്ബള്ളി ബെള്ളിനഗറിലെ ഹസ്രത്ത് സയ്യിദ് ഫത്തേ ഷാ വലി ദര്‍ഗയില്‍ കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ചേര്‍ന്ന മുസ്ലിം നേതാക്കളുടെയും ഉലമാക്കളുടെയും സംയുക്ത യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. കോണ്‍ഗ്രസ് നേതൃത്വം ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാത്ത പക്ഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബി.സെഡ്. സമീര്‍ അഹമ്മദ് ഖാന്‍, എന്‍. ഹാരിസ്, തന്‍വീര്‍ സേട്ട്, സലീം അഹമ്മദ് എന്നിവരെ അടിയന്തരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് യോഗത്തിന്റെ പ്രധാന ആവശ്യം. യുടി ഖാദറിന് സ്പീക്കര്‍ എന്ന നിലയില്‍ മികച്ച പദവി ലഭിച്ചിട്ടുണ്ടെങ്കിലും, സമുദായത്തില്‍ നിന്നുള്ള മറ്റ് നേതാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍ അഞ്ച് മുസ്ലിം പ്രതിനിധികള്‍ക്ക് സ്ഥാനം നല്‍കാത്ത പക്ഷം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ ഉണ്ടാകുമെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിനായിരിക്കുമെന്നും യോഗത്തില്‍ സംസാരിച്ച മതനേതാക്കള്‍ വ്യക്തമാക്കി.

കര്‍ണാടകയിലെ മുസ്ലിം സമൂഹം ദീര്‍ഘകാലമായി കോണ്‍ഗ്രസിനൊപ്പമാണ് നിലകൊണ്ടതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 35 മുതല്‍ 40 വര്‍ഷങ്ങളായി പാര്‍ട്ടിക്കും സമുദായത്തിനും വേണ്ടി പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് അര്‍ഹമായ അംഗീകാരവും സ്ഥാനവും നല്‍കാന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥമാണെന്നും അവര്‍ പറഞ്ഞു. മുസ്ലിം വോട്ടുകളുടെ പിന്തുണയോടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ്, ആ രാഷ്ട്രീയ കടപ്പാട് തിരിച്ചറിയണമെന്നും, അല്ലാത്ത പക്ഷം സമുദായത്തിന്റെ ശക്തി കാണിച്ചുതരേണ്ടി വരുമെന്നും ചില നേതാക്കള്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window