Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ചെലവ് സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതിയുടെ ചെലവ് കെഎസ്ആര്‍ടിസിക്ക് ഭാരമാകാതിരിക്കാന്‍ ആവശ്യമായ തുക സര്‍ക്കാര്‍ നേരിട്ട് സബ്സിഡിയായി നല്‍കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. പദ്ധതിയുടെ വ്യാപ്തി അനുസരിച്ച് പ്രതിവര്‍ഷം ഏകദേശം 712 കോടി രൂപ മുതല്‍ 1,300 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്തിയാല്‍ ചെലവ് കുറവായിരിക്കും. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ എല്ലാ വിഭാഗം ബസുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചാല്‍ ചെലവ് ഗണ്യമായി ഉയരുമെന്നാണ് വിലയിരുത്തല്‍.

സ്ത്രീകള്‍ക്കൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യുഡിഎഫ് മുന്നോട്ടുവച്ച പ്രധാന ഗ്യാരന്റികളിലൊന്നായിരുന്നു കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി. പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങളില്‍ തന്നെ ജൂണ്‍ 15 മുതല്‍ പദ്ധതി നടപ്പാക്കുമെന്ന വിവരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചിരുന്നു. നിലവില്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ പ്രതിമാസം വലിയ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. അതിനുപുറമെ പ്രത്യേക ധനസഹായമായിട്ടായിരിക്കും സൗജന്യ യാത്രാ പദ്ധതിയുടെ സബ്സിഡി അനുവദിക്കുക. അതിനാല്‍ പദ്ധതി കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തെയും പെന്‍ഷനെയും ബാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തന മാതൃക ധനകാര്യ വകുപ്പ്, കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിവരികയാണ്. സൗജന്യ യാത്ര ആരംഭിച്ചതിന് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന, അധിക ബസുകളുടെ ആവശ്യം, കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ ബാധിക്കുന്ന ഘടകങ്ങള്‍ എന്നിവ സര്‍ക്കാര്‍ നിരീക്ഷിക്കും. അതേസമയം, സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ ബാധിക്കുമെന്ന ആശങ്ക സ്വകാര്യ ബസ് ഉടമകള്‍ ഇതിനകം ഉന്നയിച്ചിട്ടുണ്ട്. സ്ത്രീ യാത്രക്കാര്‍ വലിയ തോതില്‍ കെഎസ്ആര്‍ടിസിയിലേക്ക് മാറിയാല്‍ സ്വകാര്യ ബസുകളുടെ വരുമാനം കുറയുമെന്നാണ് അവരുടെ വാദം.

 
Other News in this category

 
 




 
Close Window