Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രാജ്യസഭ തെരഞ്ഞെടുപ്പില്‍ അട്ടിമറി ഭീഷണി: മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ആലോചന
reporter

ഭോപ്പാല്‍: രാജ്യസഭ തെരഞ്ഞെടുപ്പില്‍ അട്ടിമറി നീക്കം ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നു. രണ്ട് അംഗങ്ങളെ ജയിപ്പിക്കാവുന്ന സംസ്ഥാനത്ത് ബിജെപി മൂന്നാമത്തെ സ്ഥാനാര്‍ഥിയെയും രംഗത്തിറക്കിയതോടെയാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക ശക്തമായത്. ജൂണ്‍ 18നാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. അതുവരെ പാര്‍ട്ടി എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലോ തെലങ്കാനയിലോ ഉള്ള ഏതെങ്കിലും റിസോര്‍ട്ടിലേക്ക് മാറ്റി പാര്‍പ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നത്. ബിജെപിയുടെ 'ചാക്കിട്ടുപിടുത്ത' ശ്രമങ്ങള്‍ ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയില്‍ നിലവില്‍ 229 എംഎല്‍എമാരാണുള്ളത്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ 58 ആദ്യ പ്രാധാന്യ വോട്ടുകള്‍ ആവശ്യമാണ്. ഭരണകക്ഷിയായ ബിജെപിക്ക് 164 എംഎല്‍എമാരുള്ളതിനാല്‍ രണ്ട് സീറ്റുകള്‍ എളുപ്പത്തില്‍ നേടാന്‍ കഴിയും. എന്നാല്‍ മൂന്നാമത്തെ സ്ഥാനാര്‍ഥിയെ കൂടി രംഗത്തിറക്കിയതോടെ മത്സരം കൂടുതല്‍ കടുപ്പമായി.

ബിജെപിയുടെ ആദ്യ രണ്ട് സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗും സംസ്ഥാന സെക്രട്ടറി രജനീഷ് അഗര്‍വാളുമാണ്. അപ്രതീക്ഷിത നീക്കമായി മധ്യപ്രദേശ് ഫിഷര്‍മാന്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ മഹേഷ് കേവത്തിനെ മൂന്നാമത്തെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ചശേഷമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഈ നീക്കമെന്നാണ് സൂചന. പ്രതിപക്ഷത്തിലെ അസംതൃപ്തരെ കൂടെക്കൂട്ടി മൂന്നാമത്തെ സീറ്റും സ്വന്തമാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മുന്‍ എംപി മീനാക്ഷി നടരാജനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. അവരുടെ വിജയം സുഗമമാകുമെന്നായിരുന്നു കോണ്‍ഗ്രസ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ഥി പ്രഖ്യാപനം വോട്ടെടുപ്പിലെ കണക്കുകൂട്ടലുകള്‍ സങ്കീര്‍ണമാക്കി. ഇതിനെ തുടര്‍ന്ന് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമംഗ് സിംഗാറിന്റെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് എംഎല്‍എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനുള്ള നിര്‍ദേശം ചര്‍ച്ചയായത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തു. ഒരു എംഎല്‍എ ഡല്‍ഹിയിലായതിനാല്‍ യോഗത്തില്‍ പങ്കെടുക്കാനായില്ല. അതേസമയം, സാഗര്‍ എംഎല്‍എ നിര്‍മല്‍ സാപ്രെ ബിജെപിയെ അനുകൂലിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window