Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സിപിഎം-ബിജെപി ഡീല്‍' ആരോപണത്തില്‍ ഇന്ത്യ സഖ്യ യോഗത്തില്‍ അതൃപ്തി അറിയിച്ച് സിപിഎം; രാഹുല്‍ ഗാന്ധി-ജോണ്‍ ബ്രിട്ടാസ് വാക്പോര്
reporter

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച 'സിപിഎം-ബിജെപി ഡീല്‍' ആരോപണം ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളില്‍ ഇന്ത്യ സഖ്യ യോഗത്തില്‍ അതൃപ്തി അറിയിച്ച് സിപിഎം. യോഗത്തില്‍ പങ്കെടുത്ത സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് ആണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. 'ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി' എന്ന രാഹുലിന്റെ പ്രസ്താവനയും യോഗത്തില്‍ വിമര്‍ശനവിധേയമായി. ഇതിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇരുവരും തമ്മിലുള്ള വാക്പോര്‍ക്കും വഴിവെച്ചു. ജോണ്‍ ബ്രിട്ടാസിന്റെ വിമര്‍ശനങ്ങളെ സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയും പിന്തുണച്ചു. എന്നാല്‍ താന്‍ സംസാരിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. തുടര്‍ന്ന് ചര്‍ച്ച അദാനി ഗ്രൂപ്പിലേക്കും കേരളത്തിലെ വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്കും നീങ്ങി.

അദാനി ഗ്രൂപ്പിന് കേരളത്തില്‍ തുറമുഖ പദ്ധതി അനുവദിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനം, ഇടതുപക്ഷം അതിന്റെ രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് മാറിയതിന് തെളിവാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദത്തെ ജോണ്‍ ബ്രിട്ടാസ് എതിര്‍ത്തു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനി പോര്‍ട്‌സിനെ കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണെന്നും, ആദ്യ കരാര്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും ബ്രിട്ടാസ് വ്യക്തമാക്കി.

ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ ഉണ്ടെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രസ്താവനകളെയും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഇന്ത്യ മുന്നണിയുടെ രാഷ്ട്രീയ പ്രസക്തിയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും ബ്രിട്ടാസ് വ്യക്തമാക്കി. 2004ലെ രാഷ്ട്രീയ സാഹചര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടും ബ്രിട്ടാസ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. അന്നത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിരവധി മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയിരുന്നു. ഇടതുപക്ഷത്തിന് അന്ന് 64 സീറ്റുകള്‍ ലഭിച്ചു. എന്നിരുന്നാലും ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കി. ഈ രാഷ്ട്രീയ യാഥാര്‍ഥ്യം കോണ്‍ഗ്രസ് മറക്കരുതെന്നും ബ്രിട്ടാസ് പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതും സിപിഎം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ സിപിഎം നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു. രണ്ട് മന്ത്രിസ്ഥാനങ്ങള്‍ക്കായി നിര്‍ണായക സഖ്യകക്ഷിയായ ഡിഎംകെയെ ഉപേക്ഷിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം-ബിജെപി ഡീല്‍ ആരോപണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചതായും യോഗത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ആരോപണങ്ങളും പ്രത്യാരോപണങ്ങളും പ്രാദേശിക തിരഞ്ഞെടുപ്പ് സാഹചര്യത്തിന്റെ ഭാഗമായാണ് ഉണ്ടായതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായും, ഡീല്‍ ആരോപണവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചശേഷം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് ജോണ്‍ ബ്രിട്ടാസ് രാഹുല്‍ ഗാന്ധിയെ അറിയിച്ചു. മുന്നണിയിലെ സഖ്യകക്ഷികള്‍ തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും, ഡിഎംകെയെ ഇന്ത്യ മുന്നണിയിലേക്ക് തിരിച്ചെത്തിക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള യോഗത്തില്‍ ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window