Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കെഎസ്ആര്‍ടിസി വിദ്യാര്‍ഥി പാസ് ഓണ്‍ലൈന്‍ ചാര്‍ജ് വര്‍ധന പിന്‍വലിക്കണം; പ്രതിഷേധത്തിന് ഒരുങ്ങി എസ്എഫ്ഐ
reporter

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി യാത്രാ പാസ് പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ ചാര്‍ജ് 10 രൂപയില്‍ നിന്ന് 110 രൂപയാക്കി വര്‍ധിപ്പിച്ച തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. തീരുമാനം വിദ്യാര്‍ഥികളോടുള്ള വഞ്ചനയും കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ഥികളോടുള്ള നീതികേടുമാണെന്ന് സംഘടന കുറ്റപ്പെടുത്തി. കഴിഞ്ഞ അധ്യയന വര്‍ഷം വരെ വിദ്യാര്‍ഥികള്‍ക്ക് 10 രൂപയ്ക്ക് യാത്രാ പാസ് ലഭിച്ചിരുന്നു. എന്നാല്‍ നിലവില്‍ പാസ് പുതുക്കുന്നതിനുള്ള ചാര്‍ജ് പതിനൊന്നിരട്ടിയായി വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് എസ്എഫ്ഐ ചൂണ്ടിക്കാട്ടി. പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെ ചെറിയ തുക നല്‍കി വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്ന യാത്രാ സൗകര്യമാണ് ഇപ്പോള്‍ വലിയ തുക ഈടാക്കി നടപ്പാക്കുന്നതെന്നും സംഘടന ആരോപിച്ചു.

കേരളത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്നതിനായി പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നത്. കുറഞ്ഞ നിരക്കില്‍ വിദ്യാര്‍ഥി പാസ് നല്‍കുന്നത് അവരുടെ വിദ്യാഭ്യാസ അവകാശത്തെ സംരക്ഷിക്കുന്ന നടപടിയായിരുന്നു. എന്നാല്‍ പാസ് പുതുക്കുന്നതിനുള്ള ചാര്‍ജ് കുത്തനെ ഉയര്‍ത്തിയത് സാധാരണക്കാരായ വിദ്യാര്‍ഥികളുടെ യാത്രാവകാശത്തെയും വിദ്യാഭ്യാസാവകാശത്തെയും ബാധിക്കുന്നതാണെന്ന് എസ്എഫ്ഐ വ്യക്തമാക്കി. ഒരു വര്‍ഷത്തേക്ക് പാസ് കാര്‍ഡിന് കഴിഞ്ഞ വര്‍ഷം വരെ 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്. പുതിയ തീരുമാനപ്രകാരം പാസ് പുതുക്കുന്നതിനായി 100 രൂപയും, പുതിയ കാര്‍ഡ് എടുക്കുന്നവര്‍ക്ക് കാര്‍ഡ് ചാര്‍ജായി 10 രൂപയും ചേര്‍ത്ത് ആകെ 110 രൂപ അടയ്‌ക്കേണ്ടിവരും.

വഞ്ചനാപരമായ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു. വിദ്യാര്‍ഥി പാസ് പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ ചാര്‍ജ് വര്‍ധന അടിയന്തരമായി പിന്‍വലിക്കണം. അല്ലാത്തപക്ഷം യാത്രാവകാശ പോരാട്ടത്തില്‍ വിദ്യാര്‍ഥികളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും സെക്രട്ടറി പി. എസ്. സഞ്ജീവും പ്രസ്താവനയില്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window