ന്യൂഡല്‍ഹി: ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളിന് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ ഒഴിവാക്കി. E20ക്ക് മുകളിലുള്ള എഥനോള്‍ മിശ്രിത ഇന്ധനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച്, 22 ശതമാനം മുതല്‍ 30 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോള്‍ മിശ്രിതങ്ങള്‍ക്ക് ഇനി എക്സൈസ് തീരുവ ബാധകമാകില്ല. E22, E25, E27, E30 എന്നീ ഇന്ധന വകഭേദങ്ങളാണ് ഇളവിന്റെ പരിധിയില്‍ വരുന്നത്. E20ക്ക് മുകളിലുള്ള എഥനോള്‍ മിശ്രിതങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യ പ്രധാന സാമ്പത്തിക പ്രോത്സാഹനമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനോടുള്ള ആശ്രയം കുറയ്ക്കുകയും ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന ബദല്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ബയോഫ്യൂവല്‍ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നത്.
ഇന്ത്യയുടെ എഥനോള്‍ ഇന്ധന പദ്ധതി ഇതുവരെ പ്രധാനമായും E20 ലക്ഷ്യത്തെ ചുറ്റിപ്പറ്റിയായിരുന്നു മുന്നേറിയത്. ആ ലക്ഷ്യം കൈവരിക്കുന്നതിന്റെ അവസാനഘട്ടത്തിലേക്ക് രാജ്യം കടന്നതോടെ, ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങളിലേക്കുള്ള അടുത്ത ഘട്ടത്തിനായി നയപരവും സാങ്കേതികവുമായ അടിത്തറ ഒരുക്കുകയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഇതിനു മുന്നോടിയായി, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് E22, E25, E27, E30 ഇന്ധനങ്ങള്‍ക്ക് വേണ്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. IS 19850:2026 എന്ന പുതിയ സ്റ്റാന്‍ഡേര്‍ഡ് 2026 മേയ് 15 മുതല്‍ പ്രാബല്യത്തില്‍ വന്നതായും, എഥനോള്‍ അളവ്, ഇന്ധന ഘടന, സുരക്ഷാ മാനദണ്ഡങ്ങള്‍, പരിശോധനാ നടപടികള്‍ തുടങ്ങിയവ ഇതില്‍ നിര്‍വചിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പുതിയ നികുതി ഇളവും ബി.ഐ.എസ് മാനദണ്ഡങ്ങളും ചേര്‍ന്ന് ഉയര്‍ന്ന എഥനോള്‍ മിശ്രിത ഇന്ധനങ്ങളുടെ വ്യാപനത്തിന് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങള്‍ എല്ലാ നിലവിലെ വാഹനങ്ങള്‍ക്കും അനുയോജ്യമാകുമോ, ഇന്ധനവിതരണ അടിസ്ഥാന സൗകര്യങ്ങള്‍ എത്ര വേഗത്തില്‍ തയ്യാറാക്കാനാകും തുടങ്ങിയ ചോദ്യങ്ങളും മുന്നില്‍ നില്‍ക്കുന്നു. രാജ്യത്തിന്റെ ഊര്‍ജസുരക്ഷ ശക്തിപ്പെടുത്തുകയും മലിനീകരണം കുറയ്ക്കുകയും കര്‍ഷക ഉല്‍പന്നങ്ങളില്‍ നിന്നുള്ള എഥനോള്‍ ഉല്‍പാദനത്തിന് വിപണി ഉറപ്പാക്കുകയും ചെയ്യുന്നതില്‍ ഈ തീരുമാനം നിര്‍ണായകമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.