Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ലോക്സഭാ സീറ്റുകള്‍ 824 ആക്കാന്‍ നിര്‍ദേശം; കേരളത്തിന് 30 സീറ്റുകള്‍ ലഭിച്ചേക്കും
reporter

ന്യൂഡല്‍ഹി: ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെ പ്രവര്‍ത്തനപത്രത്തില്‍ സുപ്രധാന നിര്‍ദേശങ്ങള്‍. നിലവിലെ 543 ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം 824 ആയി ഉയര്‍ത്തുന്ന തരത്തില്‍ രാജ്യത്തെ വലിയ 170 മണ്ഡലങ്ങള്‍ വിഭജിക്കണമെന്നാണ് നിര്‍ദേശം. സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗം ഡോ. ഷാമിക രവിയും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡല്‍ഹി സെന്ററിലെ ഇക്കണോമിക്‌സ് ആന്‍ഡ് പ്ലാനിങ് യൂണിറ്റിലെ മുദിത് കപൂറും ചേര്‍ന്നാണ് പഠനം തയ്യാറാക്കിയത്. Constituency Size, Composition and the Case for Delimitation in India's Lok Sabha (2009-2024) എന്ന പ്രവര്‍ത്തനപത്രത്തിലാണ് 'ടാര്‍ഗറ്റഡ് ഡിലിമിറ്റേഷന്‍' മോഡല്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

നിര്‍ദേശപ്രകാരം 170 വലിയ ലോക്സഭാ മണ്ഡലങ്ങളെയാണ് പുനര്‍ക്രമീകരിക്കേണ്ടത്. ഇതില്‍ 59 മണ്ഡലങ്ങള്‍ രണ്ടായി വിഭജിക്കാനും 111 മണ്ഡലങ്ങള്‍ മൂന്നായി വിഭജിക്കാനുമാണ് ശുപാര്‍ശ. ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കി ഏകീകൃത രീതിയില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിന് പകരം, വലുപ്പം കൂടിയ മണ്ഡലങ്ങളില്‍ പ്രതിനിധാനവും വോട്ടര്‍മാരുടെ പങ്കാളിത്തവും മെച്ചപ്പെടുത്തുന്ന രീതിയിലായിരിക്കണം മാറ്റങ്ങളെന്നാണ് പഠനത്തിന്റെ വാദം.

പുതിയ മാതൃക നടപ്പിലായാല്‍ കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 20ല്‍ നിന്ന് 30 ആയി ഉയര്‍ന്നേക്കും. തമിഴ്നാട്ടിലെ സീറ്റുകള്‍ 39ല്‍ നിന്ന് 59 ആയും, കര്‍ണാടകയില്‍ 28ല്‍ നിന്ന് 42 ആയും, തെലങ്കാനയില്‍ 17ല്‍ നിന്ന് 28 ആയും, ആന്ധ്രാപ്രദേശില്‍ 25ല്‍ നിന്ന് 38 ആയും വര്‍ധിക്കുമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ ലോക്സഭാ സീറ്റുകള്‍ 80ല്‍ നിന്ന് 120 ആയും മഹാരാഷ്ട്രയിലെ സീറ്റുകള്‍ 48ല്‍ നിന്ന് 72 ആയും ഉയരാന്‍ സാധ്യതയുണ്ട്. ജനസംഖ്യ മാത്രം അടിസ്ഥാനമാക്കിയുള്ള പുനര്‍നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനത്തെ ബാധിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് 'വലിയ മണ്ഡലങ്ങളെ ലക്ഷ്യമിട്ട് വിഭജിക്കുക' എന്ന ബദല്‍ നിര്‍ദേശം മുന്നോട്ടുവന്നിരിക്കുന്നത്. അതേസമയം, ഇത് അന്തിമ സര്‍ക്കാര്‍ തീരുമാനം അല്ലെന്നും സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെ പ്രവര്‍ത്തനപത്രത്തിലുള്ള ശുപാര്‍ശ മാത്രമാണെന്നും ശ്രദ്ധേയമാണ്. ഭാവിയിലെ മണ്ഡല പുനര്‍നിര്‍ണയം ഭരണഘടനാ വ്യവസ്ഥകള്‍ക്കും ജനഗണനാ കണക്കുകള്‍ക്കും തുടര്‍ന്നുള്ള ഔദ്യോഗിക നടപടികള്‍ക്കും വിധേയമായിരിക്കും.

 
Other News in this category

 
 




 
Close Window