Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു; ഷിഗെല്ല, ഡെങ്കിപ്പനി, അമീബിക് മസ്തിഷ്‌ക ജ്വരം ആശങ്ക ഉയര്‍ത്തുന്നു
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല, അമീബിക് മസ്തിഷ്‌ക ജ്വരം തുടങ്ങിയ രോഗങ്ങളില്‍ വന്‍ വര്‍ധനവുണ്ടായതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂണ്‍ 11 വരെ സംസ്ഥാനത്ത് 114 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മൂന്നു ജില്ലകളിലാണ് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 54 പേര്‍ക്കു മാത്രമായിരുന്നു ഷിഗെല്ല സ്ഥിരീകരിച്ചിരുന്നത്. ഈ വര്‍ഷം ഷിഗെല്ല ബാധിച്ച് രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുട്ടികളില്‍ വേഗത്തില്‍ പടരാന്‍ സാധ്യതയുള്ള രോഗമാണ് ഷിഗെല്ല. മലിനമായ വെള്ളവും മോശം ഭക്ഷണവുമാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണങ്ങളെന്ന് ആരോഗ്യവകുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും സമയബന്ധിതമായി പൂര്‍ത്തിയാകാത്തതും കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു.



അമീബിക് മസ്തിഷ്‌ക ജ്വരവും ആശങ്കയായി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര കേസുകളും ഉയരുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 വരെ എട്ട് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ വര്‍ഷാവസാനത്തോടെ ഇത് 201 ആയി ഉയര്‍ന്നു. ഈ വര്‍ഷം ജൂണ്‍ 11 വരെ 133 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 33 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

ഡെങ്കിപ്പനി കേസുകളും വര്‍ധിച്ചുവരികയാണ്. പ്രതിദിനം ശരാശരി 130 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 13,000-ല്‍ അധികം പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. ആറുമാസത്തിനിടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 153 ആയി.



എഇഎസ് കേസുകളും വര്‍ധനവില്‍

അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം അഥവാ തലച്ചോറില്‍ നീര്‍ക്കെട്ടുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 2023ല്‍ സംസ്ഥാനത്ത് 56 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2025ല്‍ ഇത് 172 ആയി ഉയര്‍ന്നു. 2026ല്‍ ഇതുവരെ 62 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ തലച്ചോറില്‍ നീര്‍ക്കെട്ട് ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ നിപ പരിശോധനയ്ക്കും വിധേയരാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഈ വര്‍ഷം എഇഎസ് മൂലം 13 പേരാണ് സംസ്ഥാനത്ത് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് 25 പേരും എലിപ്പനി ബാധിച്ച് 22 പേരും മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം, രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ ശുചിത്വം പാലിക്കുകയും തിളപ്പിച്ചാറിച്ച വെള്ളം മാത്രം കുടിക്കുകയും കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window