പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ 'ചെമ്പ്' എന്ന് രേഖപ്പെടുത്തിയ ദേവസ്വം ബോര്‍ഡിന്റെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു മനപ്പൂര്‍വമായി തട്ടിപ്പിന് കൂട്ടുനിന്നതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം ഗൂഢാലോചന നടത്തിയതും, വിശ്വാസികളെ വഞ്ചിച്ചതുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
1998-ല്‍ തന്നെ പാളികള്‍ സ്വര്‍ണം പൂശിയതായുള്ള വ്യക്തത മുരാരി ബാബുവിന് ഉണ്ടായിരുന്നുവെന്നും, അതിനുശേഷവും രേഖയില്‍ 'ചെമ്പ്' എന്ന് രേഖപ്പെടുത്തിയത് ഉദ്ദേശപൂര്‍വമാണെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. ക്ഷേത്ര ശ്രീകോവില്‍ കട്ടളയിലെ സ്വര്‍ണ്ണം കൊള്ള ചെയ്ത കേസിലും മുരാരി ബാബു പ്രതിയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അദ്ദേഹത്തില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിന് ശേഷം മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതേത്തുടര്‍ന്ന് രണ്ട് ആഴ്ചത്തേക്ക് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു.