തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ'യില്‍ കേരള സര്‍ക്കാര്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ ഇടതുമുന്നണിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നു. വാര്‍ത്ത സത്യമായാല്‍ അത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികിച്ചു. വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് കടുപ്പിക്കുന്നത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് വഞ്ചനാപരമാണെന്ന് എഐഎസ്എഫ് ആരോപിച്ചു. സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ ഇടതുപക്ഷം ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതെന്ന് എഐഎസ്എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാനാകില്ലെന്നും സര്‍ക്കാരിന്റെ നടപടി വിദ്യാര്‍ഥി വഞ്ചനയാണെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിന്‍ എബ്രഹാം, സെക്രട്ടറി എ. അധിന്‍ എന്നിവര്‍ പറഞ്ഞു. വിഷയത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ഉയരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനെതിരെ കെഎസ്യുവും രംഗത്തെത്തി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ആര്‍എസ്എസിന് പിണറായി സര്‍ക്കാര്‍ വിറ്റെന്നാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആരോപിച്ചത്. ''സവര്‍ക്കര്‍ ചെയ്തതിനെക്കാള്‍ വലിയ നെറികേടാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്ന്'' അലോഷ്യസ് സേവ്യര്‍ വിമര്‍ശിച്ചു.