ഹൈദരാബാദ്: കര്‍ണൂലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ഉണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെ 3:30 ഓടെയാണ് അപകടം സംഭവിച്ചത്.
ബെംഗളൂരു-ഹൈദരാബാദ് റൂട്ടിലായിരുന്ന കാവേരി ട്രാവല്‍സ് ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസില്‍ 42 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 15 ഓളം യാത്രക്കാരെ രക്ഷപ്പെടുത്താനായതായി അധികൃതര്‍ അറിയിച്ചു.
തീ പടര്‍ന്നതോടെ ചില യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. അപകടം അറിഞ്ഞെത്തിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അഗ്നിശമന സേന സ്ഥലത്തെത്തുമ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. പരിക്കേറ്റവരെ കര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചതാണ് എന്നതടക്കം പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.