Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിവാഹത്തിന് മുമ്പ് കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുട്ടിയുടെ സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് ചേര്‍ക്കണം: ഹൈക്കോടതി
reporter

കൊച്ചി: വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിച്ചിരുന്ന കാലയളവില്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് ഉള്‍പ്പെടുത്താന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. പുതുക്കിയ ജനന സര്‍ട്ടിഫിക്കറ്റ് 30 ദിവസത്തിനകം നല്‍കണമെന്ന് പത്തനംതിട്ട പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാട്ടില്‍ താമസിക്കുന്ന കോട്ടയം, കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ആദ്യം സിംഗിള്‍ മദറിന്റെ പേരിലായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിനാല്‍ പിതാവിന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ല.

ദുബൈയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് യുവാവും യുവതിയും പ്രണയത്തിലായത്. യുവാവിന്റെ കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് യുവാവിന്റെ ബീജം ഉപയോഗിച്ച് കൃത്രിമ ഗര്‍ഭധാരണത്തിലൂടെ 2012ല്‍ യുവതി കുട്ടിക്ക് ജന്മം നല്‍കി. അന്ന് ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ലാത്തതിനാല്‍ ജനന രജിസ്ട്രേഷന്‍ സിംഗിള്‍ മദറിന്റെ പേരില്‍ നടത്തി. 2018ല്‍ ഇരുവരും നിയമപരമായി വിവാഹിതരായി. വിവാഹം രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ കുട്ടിയുടെ രേഖകളില്‍ പിതാവിന്റെ പേര് ചേര്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പിതൃത്വം സംബന്ധിച്ച് കോട്ടയം കുടുംബ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവും ലഭിച്ചു. ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ പിതാവിന്റെ പേര് ചേര്‍ക്കുകയും ചെയ്തു.

എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പിന്നീട് പിതാവിന്റെ പേര് ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന നിലപാടില്‍ പഞ്ചായത്ത് അപേക്ഷ നിരസിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. നിയമപരമായ ചില തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, കുട്ടിയുടെ ഭാവി, സാമൂഹിക അന്തസ്സ്, നിയമപരമായ അവകാശങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോടതി പ്രത്യേക അധികാരം വിനിയോഗിച്ചത്. ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് ഇല്ലാത്തത് കുട്ടിക്ക് ഭാവിയില്‍ വിദ്യാഭ്യാസം, തിരിച്ചറിയല്‍ രേഖകള്‍, അവകാശങ്ങള്‍ എന്നിവയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാമെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയുടെ ഉത്തമ താല്‍പര്യമാണ് ഇത്തരം കേസുകളില്‍ പ്രധാനമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിതൃത്വം കുടുംബ കോടതി അംഗീകരിച്ചിട്ടുള്ള സാഹചര്യത്തില്‍, ജനന സര്‍ട്ടിഫിക്കറ്റിലും പിതാവിന്റെ പേര് ഉള്‍പ്പെടുത്തുന്നതാണ് നീതിയുക്തമെന്ന് കോടതി വിലയിരുത്തി.

 
Other News in this category

 
 




 
Close Window